മുംബൈ: സ്ത്രീയെ കൊലപ്പെടുത്തി മൃതദേഹം ചാക്കിൽ കെട്ടി റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. സരിക ചാൽകെ(30) എന്ന യുവതിയെ കഴുത്തറുത്തു കൊലപ്പെടുത്തിയ ശേഷം മൃതദേഹം മാഹിം– മാതുംഗ സ്റ്റേഷനുകൾക്ക് ഇടയിലുള്ള പാളത്തിൽ ഉപേക്ഷിക്കുകയായിരുന്നു. സരികയുടെ വയറ്റിലും കയ്യിലും മുറിവുകളുണ്ടെന്നും പൊലീസ് അറിയിച്ചു. കൊലപാതകം നടന്ന സ്ഥലത്തുനിന്ന് ഓട്ടോറിക്ഷയിലും ലോക്കൽ ട്രെയിനിലും കയറ്റി എത്തിച്ച മൃതദേഹമാണ് പാളത്തിൽ ഉപേക്ഷിച്ചത്.
മുംബൈയിലെ ഗോറിഗോവ് ഫിലിം സിറ്റിക്കു സമീപമുള്ള സന്തോഷ് നഗർ നിവാസിയാണ് കൊല്ലപ്പെട്ട സരിക. ഇവർ വീട്ടുജോലി ചെയ്തിരുന്ന സാറ്റ്‌ലൈറ്റ് ടവറിൽ തന്നെയാണ് പ്രതിയായ വികാസ് കൈർനാറും ഹൗസ് കീപ്പറായി ജോലി ചെയ്തിരുന്നത്. ഇരുവരും തമ്മിൽ മൂന്നു വർഷത്തെ പരിചയമുണ്ടെന്നാണ് സന്തോഷ് നഗർ നിവാസികൾ പറഞ്ഞതെന്ന് പൊലീസ് അറിയിച്ചു.
റെയിൽവേ പാളത്തിൽ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് സരികയാണെന്നു തെളിഞ്ഞത്. വിവിധ പൊലീസ് സ്റ്റേഷനുകളിൽ അടുത്തിടെ റജിസ്റ്റർ ചെയ്ത മിസ്സിങ് കേസുകളിൽനിന്നാണ് സരികയുടെ ഭർത്താവിന്റെ പരാതി ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് സരികയുടെ ഭർത്താവിനെ ബന്ധപ്പെട്ട പൊലീസിന്, സരിക മേയ് 23ന് ജോലിക്കു പോയതാണെന്നും പിന്നീട് തിരികെ എത്തിയിട്ടില്ലെന്നും അറിയാൻ സാധിച്ചു.
ജോലി സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് സരിക മേയ് 23ന് ജോലി അവിടെ എത്തിയിട്ടുണ്ടെന്ന് സ്ഥിരീകരിച്ചു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് കൈർനാറിൽനിന്ന് സരിക 3000 രൂപ കടം വാങ്ങിയിട്ടുണ്ടെന്നും അയാൾ അതു തിരികെ ലഭിക്കാനായി സരികയെ നിർബന്ധിച്ചിരുന്നെന്നും അറിയുന്നത്. തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടാവുകയും കൊലപെടുത്തുകയായിരുന്നെന്നും പൊലീസ് അറിയിച്ചു.
ഇരുവരും ജോലി ചെയ്തിരുന്ന കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ശുചിമുറിയിൽവച്ച് മേയ് 23ന് വൈകിട്ടു മൂന്നോടെയാണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറയുന്നു. തുടർന്ന് കൈർനാർ സരികയുടെ മൃതദേഹം ചാക്കിൽ കെട്ടുകയും രണ്ടു ചാക്കുകൾ വച്ച് അത് വീണ്ടും മൂടുകയും ചെയ്തു. ചാക്കിൽ എന്താണെന്ന് ചോദിച്ചവരോട് ചവറും മറ്റ് മാലിന്യങ്ങളുമാണെന്നും അത് പുറത്തു കളയാൻ കൊണ്ടു പോകുകയാണെന്നും പറഞ്ഞു.
ചാക്കുമായി ഓട്ടോയിൽ കയറിയ ഇയാൾ റെയിൽവേ സ്റ്റേഷനിൽ എത്തുകയും വിവിധ ലോക്കൽ ട്രെയിനുകൾ മാറിക്കയറി മൃതദേഹം ട്രാക്കിൽ ഉപേക്ഷിക്കുകയുമായിരുന്നെന്ന് പൊലീസ് അറിയിച്ചു. പ്രതിക്ക് സരികയോട് പ്രണയമുണ്ടായിരുന്നതായും പൊലീസ് സംശയിക്കുന്നു. ഭർത്താവിനും രണ്ടു കുട്ടികൾക്കുമൊപ്പമാണ് സരിക താമസിച്ചിരുന്നത്.