കോഴിക്കോട് : ശബരി എക്സ്പ്രസിലെ ശൗചാലയം പൂട്ടി യാത്രക്കാരൻ അകത്തിരുന്നത് പരിഭ്രാന്തി പരത്തി. ചെങ്ങന്നൂരിൽ നിന്നും ട്രെയിനിൽ കയറിയ ആളാണ് ശൗചാലയത്തിൽ കയറി അടച്ചിരിന്നത്. ഒടുവിൽ പൂട്ട് പൊളിച്ചാണ് ഷൊർണൂർ റെയിൽവെ പൊലീസ് ഇയാളെ പുറത്തിറക്കിയത്. സംസാരശേഷിയില്ലാത്തയാളാണ് ട്രെയിനിലെ ശുചിമുറിയിൽ കയറിയിരുന്നതെന്നും ഇയാളെ വിട്ടയച്ചതായും പൊലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം വന്ദേ ഭാരത് എക്സ്പ്രസിലും സമാനമായ രീതിയിൽ പരിഭ്രാന്തി പരത്തി ശുചിമുറിയിൽ യുവാവ് അടച്ചിരുന്നു. വാതിൽ കുത്തിപ്പൊളിച്ചാണ് ഇയാളെ പുറത്തെത്തിച്ചത്. കാസർഗോഡ് ഉപ്പള സ്വദേശിയായ യുവാവ് കാസർഗോഡ് നിന്നാണ് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിൽ കയറിയത്. ട്രെയിൻ മുന്നോട്ടു നീങ്ങി കുറച്ചു കഴിഞ്ഞപ്പോഴേക്കും ശുചി മുറിയിൽ അടച്ചിരിപ്പായി. കണ്ണൂരും കോഴിക്കോടും ട്രെയിൻ എത്തിയപ്പോൾ ഇയാളെ പുറത്തെത്തിക്കാൻ നോക്കിയെങ്കിലും നടന്നില്ല. ട്രെയിൻ ഷൊർണൂർ എത്തിയപ്പോൾ റെയിൽവെ മെക്കാനിക്കൽ വിഭാഗവും റയിൽവെ പൊലീസും ചേർന്ന് ശുചിമുറിയുടെ വാതിലിൻ്റെ പുട്ട് തകർത്ത് അകത്തു കയറി. അകത്ത് നിന്ന് വാതിൽ കയറിട്ട് കെട്ടിയ നിലയിലായിരുന്നു. പുറത്തിറങ്ങാൻ യുവാവ് മടിച്ചു. യുവാവിനെ പിടിച്ചു വലിച്ചാണ് പുറത്തെത്തിച്ചത്.ഇയാൾ ടിക്കറ്റ് എടുത്തിരുന്നില്ല. മുബൈ സ്വദേശിയാണെന്നാണ് ഇയാൾ പൊലീസിനോട് ആദ്യം പറഞ്ഞത്. പിന്നീടാണ് ഇയാൾ ഉപ്പള സ്വദേശിയായ ശരൺ എന്നയാളാണെന്ന് വ്യക്തമായത്. മദ്യം കിട്ടാതായപ്പോൾ ഉണ്ടായ വിഭ്രാന്തി മൂലമാണ് ഇയാൾ ശുചി മുറിയിൽ കയറി അടച്ചിരുന്നത്.