ആലുവ: കൊറിയർ വന്നതായി സന്ദേശം ലഭിച്ചതിനെ തുടർന്ന് വാട്സാപ്പിലൂടെ മറുപടി നൽകിയ ആലുവയിലെ മെഡിക്കൽ സ്ഥാപന ജീവനക്കാരന് അക്കൗണ്ടിൽ നിന്നും നഷ്ടമായത് 44,000 രൂപ. ആലുവ സർക്കാർ ആശുപത്രിക്ക് സമീപമുള്ള രത്നം ആൻറ് കമ്പനിയിലെ ജീവനക്കാരൻ കിഴക്കേ കടുങ്ങല്ലൂർ സ്വദേശി അമൽ എസ്. കുമാറിനാണ് പണം നഷ്ടമായത്.തിങ്കളാഴ്ച ഉച്ച 12 മണിയോടെയാണ് 6287655632 എന്ന നമ്പറിൽ നിന്നും സ്ഥാപനത്തിലേക്ക് ഒരു കൊറിയർ എത്തിയിട്ടുണ്ടെന്ന് വിളിച്ചറിയിച്ചത്. സ്ഥലം കൃത്യമായറിയാൻ ഒരു ഫോം വാട്സാപ്പിൽ പൂരിപ്പിച്ച് അയക്കണമെന്നും നിർദ്ദേശിച്ചു.
സ്ഥാപനത്തിലേക്ക് കൊറിയറിൽ മരുന്നുകളെത്താറുള്ളതിനാൽ സംശയിച്ചതുമില്ല. ഫാസ്റ്റർ കൊറിയർ എന്നാണ് ഫോമിൽ രേഖപ്പെടുത്തിയിരുന്നത്. മേൽ വിലാസവും മൊബൈൽ നമ്പറും നൽകിയതിനൊപ്പം ട്രാക്കിങ് സർവീസിനായി ഗൂഗിൾ പേ വഴി രണ്ടു രൂപ അടയ്ക്കാനും നിർദ്ദേശിച്ചു.
എന്നാൽ, പിന്നീട് ആലുവ എച്ച്.ഡി.എഫ്.സി ശാഖയിലെ അക്കൗണ്ടിൽ നിന്നും 45000 രൂപ പിൻവലിക്കപ്പെട്ടതായി സന്ദേശമെത്തി. തുടർന്ന് ആലുവ സൈബർ സെല്ലിനും സി.ഐക്കും പരാതി നൽകി.