പോർബന്ദർ: വീട്ടിലെത്തിയ പാഴ്സൽ പൊട്ടിത്തെറിച്ച് അച്ഛനും മകളും കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയെ കണ്ടെത്തിയെന്ന് പൊലീസ്. കൊല്ലപ്പെട്ട യുവാവിന്‍റെ ഭാര്യയുമായി നേരത്തെ ബന്ധമുണ്ടായിരുന്നയാളാണ് പാഴ്സൽ ബോംബിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ഗുജറാത്തിലെ വദാലിയിലാണ് സംഭവം. ജയന്തിഭായ് ബാലുസിംഗ് വഞ്ജാര എന്ന 31കാരനാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. ജീത്തുഭായ് ഹീരാഭായ് വഞ്ജാര (32), മകള്‍ ഭൂമിക (12) എന്നിവരാണ് കൊല്ലപ്പെട്ടത്. ജയന്തിഭായ് ഓട്ടോറിക്ഷയിൽ ജിത്തുഭായിയുടെ വീട്ടിലേക്ക് ഒരു ബോക്സ് അയക്കുകയായിരുന്നു. കാഴ്ചയിൽ ടേപ്പ് റെക്കോർഡർ പോലെ തോന്നുന്ന വസ്തു പ്ലഗ് ഇൻ ചെയ്യാൻ ശ്രമിച്ചപ്പോഴാണ് പൊട്ടിത്തെറിച്ചത്. യുവാവും ഒരു മകളും സ്ഫോടനത്തിൽ മരിച്ചു. 9ഉം 10ഉം വയസ്സുള്ള മറ്റു രണ്ട് മക്കള്‍ക്ക് പരിക്കേറ്റു. ഇവരെ അഹമ്മദാബാദിലെ ആശുപത്രിയിലേക്ക് മാറ്റി. സംഭവം നടക്കുമ്പോള്‍ കുട്ടികളുടെ അമ്മ വീടിന് പുറത്തായിരുന്നു.
വീട്ടിൽ പാഴ്സൽ എത്തിച്ച ഓട്ടോറിക്ഷ ഡ്രൈവറെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ തിരിച്ചറിഞ്ഞതായി പൊലീസ് ഉദ്യോഗസ്ഥൻ വിജയ് പട്ടേൽ പറഞ്ഞു. ഓട്ടോഡ്രൈവറുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതിയെ കണ്ടെത്താൻ പൊലീസ് സംഘം രൂപീകരിച്ച് പ്രതിയെ കണ്ടെത്തിയെന്നും പൊലീസ് പറഞ്ഞു. ജിത്തുഭായി തന്‍റെ മുൻ കാമുകിയെ വിവാഹം ചെയ്തതിലുള്ള പക കാരണമാണ് ഈ ക്രൂരകൃത്യം ചെയ്തതെന്ന് ജയന്തിഭായ് സമ്മതിച്ചു. രാജസ്ഥാനിൽ നിന്നാണ് ബോംബ് നിർമ്മിക്കാനുള്ള സാമഗ്രികൾ വാങ്ങിയതെന്ന് പ്രതി മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. കാഴ്ചയിൽ ടേപ്പ് റെക്കോർഡർ എന്നു തോന്നിക്കുന്ന തരത്തിലുള്ള ബോംബാണ് നിർമിച്ചത്.