ബംഗളൂരു: വീഡിയോ കോള്‍ സംബന്ധിച്ചുള്ള തര്‍ക്കത്തിനൊടുവില്‍ ഒപ്പം ചെയ്യുന്നയാളെ കത്രിക കൊണ്ട് കുത്തിപരിക്കേല്‍പ്പിച്ച് 56 – കാരൻ. രാജേഷ് മിശ്ര എന്ന 49 – കാരനാണ് പരിക്കേറ്റത്. സഹപ്രവര്‍ത്തകനായ വി സുരേഷാണ് രാജേഷിനെ കുത്തിയത്. കര്‍ണാടകയുടെ തലസ്ഥാനമായ ബംഗളൂരുവിലാണ് സംഭവം. ഇരുവരും എച്ച്എസ്ആർ ലേഔട്ട് സെക്ടർ രണ്ടിലെ ഒരു വസ്ത്രക്കടയിൽ ടെയ്‍ലര്‍ കം സെയിൽസ്മാൻമാരായി ജോലി ചെയ്തുവരികയായിരുന്നു.
രാജേഷ് മിശ്രയെ ഭാര്യ വീഡിയോ കോള്‍ ചെയ്തതോടെയാണ് സംഭവങ്ങളുടെ തുടക്കം. രാജേഷിന്‍റെ ഭാര്യയെ കാണണമെന്ന് സുരേഷ് ആവശ്യപ്പെട്ടു. എന്നാല്‍, രാജേഷിന് ഇതിന് താത്പര്യം ഇല്ലായിരുന്നു. ഇതോടെ ഇരുവരും തമ്മില്‍ തര്‍ക്കമായി. തര്‍ക്കം കടുത്തതോടെ സുരേഷ് കത്രികയെടുത്ത് രാജേഷിനെ കുത്തുകയായിരുന്നു. സംഭവ ശേഷം രാജേഷ് രക്ഷപ്പെട്ടു. സ്ഥാപനത്തിലുണ്ടായിരുന്ന മറ്റ് സഹപ്രവര്‍ത്തകരാണ് രാജേഷിനെ ആശുപത്രിയില്‍ എത്തിച്ചത്.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) 324, 524 വകുപ്പുകൾ പ്രകാരം സുരേഷിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. അന്വേഷണത്തിനൊടുവില്‍ തിങ്കളാഴ്ച തന്നെ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.
അതേസമയം, ഭാര്യയുമായി വഴക്കിട്ട് മൂന്നു വയസുകാരനായ മകനെ തൂമ്പാ കൊണ്ട് അടിച്ചു കൊന്ന് പിതാവ് കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഉത്തർപ്രദേശിലെ ഹൊസ്സെയിൻഗഞ്ചിലാണ് മനസാക്ഷിയെ മരവിപ്പിക്കുന്ന സംഭവമുണ്ടായത്. ഹൊസ്സെയ്ൻഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ചിത്തിസാപൂർ ഗ്രാമത്തിൽ നിന്നുള്ള ചന്ദ്ര കിഷോർ ലോധി എന്നയാളാണ് തൂമ്പാ കൊണ്ട് മകനെ അതിക്രൂരമായി കൊലപ്പെടുത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. ഭാര്യയുമായുള്ള വഴക്കിനെ തുടര്‍ന്ന് ചന്ദ്ര കിഷോര്‍ മകനെ തൂമ്പാ കൊണ്ട് ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.