കോഴിക്കോട് : കോഴിക്കോട് ബീച്ച് കേന്ദ്രീകരിച്ച് മൂന്ന് കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി. കോഴിക്കോട് താലൂക്കിൽ കസബ അംശം വെള്ളയിൽ ദേശത്ത് പുതിയ കടവ് ബീച്ച് നാലുകൂടി പറമ്പ് സാദത്തിനെ (28) ആണ് കോഴിക്കോട് എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്കോഡ് സർക്കിൾ ഇൻസ്പെക്ടർ വി.ആർ. ദേവദാസും പാർട്ടിയും കോഴിക്കോട് എക്സൈസ് ഇന്റലിജന്റ്സ് ആന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ ഇൻസ്പെക്ടർ പ്രജിത്ത് എയും ചേർന്ന് പിടികൂടിയത്.
ഒറീസയിൽ സ്ഥിരതാമസക്കാരനായ ഏജന്റ് മുഖാന്തിരം കഞ്ചാവ് കോഴിക്കോട് എത്തിച്ച് ചില്ലറ വിൽപ്പനക്കാർക്ക് മറിച്ച് വിൽക്കുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായത്. ഇത്തരത്തിലുള്ള ചെറുകിട വിൽപനക്കാരുടെ വിവരങ്ങൾ ഇയാളിൽ നിന്ന് ലഭിച്ചിട്ടുണ്ട്. ഇവരെ കുറിച്ച് വിശദമായ അന്വേഷണം നടത്താൻ എക്സൈസ് വകുപ്പ് തീരുമാനിച്ചിരിക്കുകയാണ്. പ്രിവന്റീവ് ഓഫീസർമാരായ ഷംസുദ്ദീൻ. കെ., പ്രവീൺ കുമാർ.കെ.,വിജയൻ.സി, സിവിൽ എക്സൈസ് ഓഫീസർമാരായ ദീൻദയാൽ. എസ്.ആർ, ജിത്തു, പി.പി, അർജുൻ.കെ, ഫെബിൻ എൽദോസ് എന്നിവർ ചേർന്നാണ് കഞ്ചാവ് കണ്ടെടുത്തത്.












