കോഴിക്കോട്: വീട്ടുകാരോട് പിണങ്ങിപ്പോയി കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിൽക്കവെ മധ്യവയസ്കൻ സഹായവാഗ്ദാനം നൽകി പ്രലോഭിപ്പിച്ച് ലോഡ്ജിൽ പൂട്ടിയിട്ട വിദ്യാർഥിനിയെ പൊലീസ് മോചിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം തിരൂരങ്ങാടി മമ്പറം സ്വദേശി നെച്ചിക്കാട്ട് ഉസ്മാനെ (53) ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു.
വീട്ടുകാരോട് പിണങ്ങിയ കോഴിക്കോട് സ്വദേശിനിയായ പതിനാറുകാരി റെയിൽവേ സ്റ്റേഷനിലെത്തുകയും എങ്ങോട്ടുപോകണമെന്നറിയാതെ ചുറ്റിത്തിരിയുകയുമായിരുന്നു. ഉസ്മാൻ കുട്ടിയെ ആശ്വസിപ്പിക്കുകയും സഹായവാഗ്ദാനം നൽകി കൂടെ കൂട്ടുകയുമായിരുന്നു. പിന്നീട് പ്രലോഭിപ്പിച്ച് ലോഡ്ജിലെത്തിച്ചു. പിതാവും മകളുമാണെന്ന് പരിചയപ്പെടുത്തിയാണ് റെയിൽവേ സ്റ്റേഷനു സമീപത്തെ ലോഡ്ജിൽ മുറിയെടുത്തത്. പുറത്തുപോയപ്പോൾ കുട്ടിയെ മുറിയിൽ പൂട്ടിയിടുകയും ചെയ്തു.
സിറ്റി പൊലീസ് മേധാവി എ. അക്ബറിന്റെ നിർദേശപ്രകാരം ഡെപ്യൂട്ടി പൊലീസ് കമീഷണർ ഡോ. എ. ശ്രീനിവാസിന്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച രാത്രി നഗരപരിധിയിൽ മുഴുവൻ പൊലീസ് സ്റ്റേഷനുകളുടെയും നേതൃത്വത്തിൽ നടന്ന കോമ്പിങ് ഓപറേഷനിടെയാണ് കുട്ടിയെ കണ്ടെത്തിയത്.
പരിശോധനയുടെ ഭാഗമായി ലോഡ്ജിലെത്തിയ പൊലീസുകാർ സംശയത്തിന്റെ പേരിൽ വിവരങ്ങൾ തിരക്കിയപ്പോഴാണ് ഇയാൾ പിതാവല്ലെന്ന് വ്യക്തമായത്. തുടർന്ന് കുട്ടിയെ ശിശുസംരക്ഷണ സമിതിക്ക് മുമ്പാകെ ഹാജരാക്കി വെള്ളിമാടുകുന്ന് ജുവനൈൽ ഹോമിലേക്ക് മാറ്റി. ഉസ്മാന്റെ അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്തു. മറ്റേതെങ്കിലും കുട്ടികളെ ഉസ്മാൻ ഇത്തരത്തിൽ ഒളിപ്പിച്ച് താമസിപ്പിച്ചിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചുവരുകയാണ്.