കൊച്ചി : കാക്കനാട് തുതിയൂരിൽ രാസലഹരി വിൽപ്പന നടത്തിയിരുന്നയാൾ പിടിയിൽ. തുതിയൂർ സ്വദേശി രാഹുൽ രമേശ് എന്നയാളെയാണ് രാസലഹരി ഗുളികകൾ വില്പന നടത്തുന്നതിടെ എക്സൈസ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും 58 എണ്ണം (31 ഗ്രാം) മയക്കുമരുന്ന് ഗുളികകൾ പിടിച്ചെടുത്തിട്ടുണ്ട്. മാനസിക വിഭ്രാന്ത്രിയുള്ളവർക്ക് ഡോക്ടർമാർ ചെറിയ ഡോസിൽ നൽകുന്ന അത്യന്തം മാരകമായ ഗുളികകളാണ് ഇവ. ഇത്തരം മയക്കുമരുന്ന് ഗുളികകളുടെ അനാവശ്യമായ ഉപയോഗം അമിത രക്ത സമ്മർദ്ദത്തിന് ഇടയാകുവാനും മനുഷ്യ ശരീരത്തിലെ നാഡീവ്യൂഹങ്ങൾക്ക് സാരമായ ക്ഷതം സംഭവിക്കുവാനും ഇതേത്തുടർന്ന് ഹൃദയാഘാതം വരെ സംഭവിക്കാൻ ഇടയാക്കുന്നതാണ്.
ആംപ്യൂളുകൾ, നിരവധി സിറിഞ്ചുകൾ എന്നിവയും പ്രതിയിൽ നിന്ന് കണ്ടെടുത്തെന്ന് എക്സൈസ് അറിയിച്ചു. മയക്കുമരുന്ന് ഇടപാട് നടത്തുവാൻ ഉപയോഗിച്ച ഇയാളുടെ സ്മാർട്ട് ഫോൺ, ഓട്ടോറിക്ഷ എന്നിവ എക്സൈസ് കസ്റ്റഡിയിൽ എടുത്തു. അർദ്ധരാത്രി സമയത്ത് തുതിയൂർ ബോട്ട് ജെട്ടി, ബസ് സ്റ്റാൻഡ്, തുതിയൂരിന് തെക്കേ അറ്റത്തുള്ള തുറസ്സായ പറമ്പുകൾ എന്നിവിടങ്ങളിൽ ഒട്ടനവധി യുവതീ യുവാക്കൾ വന്നു പോകുന്നതായി എക്സൈസ് ഇന്‍റലിജൻസ് ടീം റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്‍റ് സ്ക്വാഡ് ഈ ഭാഗത്ത് ഷാഡോ നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു. തുടർന്നാണ് പ്രതി വലയിലായത്. ആവശ്യക്കാരെ ഓട്ടോയിൽ കയറ്റി ഓടിച്ച് മുന്നോട്ട് പോകുകയും ഓട്ടത്തിനിടയിൽ പണം വാങ്ങിയതിന് ശേഷം മയക്കുമരുന്ന് കൈമാറി തിരികെ അയാൾ കയറിയ സ്ഥലത്ത് തന്നെ ഇറക്കി വിടുന്നതുമായിരുന്നു വിൽപ്പനയുടെ രീതിയെന്ന് ഇയാൾ വെളിപ്പെടുത്തി. ഓട്ടം വിളിച്ചിട്ട് പോകുന്നുവെന്ന പ്രതീതി ഉണ്ടാക്കാനാണ് ഇത്തരത്തിൽ ചെയ്തിരുന്നത്. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്‍റ് സ്ക്വാഡ്, എക്സൈസ് ഇന്‍റലിജൻസ്, എറണാകുളം സിറ്റി എക്സൈസ് റേഞ്ച് എന്നിവർ സംയുക്തമായി ഓപ്പറേഷനിൽ പങ്കെടുത്തു. എറണാകുളം റേഞ്ച് ഇൻസ്പെക്ടർ മനൂപ് വി പി, സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്‍റ് സ്ക്വാഡ് പ്രിവന്‍റീവ് ഓഫീസർ എൻ ഡി ടോമി, ഇന്‍റലിജൻസ് പ്രിവന്‍റീവ് ഓഫീസർ എൻ ജി അജിത്ത് കുമാർ, എറണാകുളം റേഞ്ച് പ്രിവന്‍റീവ് ഓഫീസർ കെ കെ അരുൺ, സി.ഇ.ഒ പി പത്മഗിരീശൻ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. ഇയാളെ പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.