കാലാവസ്ഥ മാറുന്നത് പലപ്പോഴും നമ്മുടെ ആരോഗ്യാവസ്ഥകളെ കാര്യമായ രീതിയില്‍ തന്നെ ബാധിക്കാറുണ്ട്. ചില കാലാവസ്ഥ- ആരോഗ്യത്തിന് അനുകൂലമാകുംവിധം പ്രവര്‍ത്തിക്കുകയും ചിലത് പ്രതികൂലമായി വരികയും ചെയ്യാം. തൊലിപ്പുറത്ത് പിടിപെടുന്ന സോറിയാസിസ് എന്ന രോഗത്തെ കുറിച്ച് കേട്ടിട്ടില്ലേ? ഇത് പല വിധത്തിലും പല തോതിലും രോഗികളെ വലയ്ക്കാറുണ്ട്. ചിലരിലാണെങ്കില്‍ കാലാവസ്ഥ മാറുന്നതിന് അനുസരിച്ച് സോറിയാസിസിന്‍റെ തീവ്രത ഏറിയും കുറഞ്ഞും വരാം. വേനലില്‍ സോറിയാസിസ് സംബന്ധിച്ച പ്രയാസങ്ങള്‍ കുറയ്ക്കുന്നതിന് എടുക്കാവുന്ന ചില കരുതലുകളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
സൂര്യപ്രകാശമേല്‍ക്കുന്നത്…
ചിലര്‍ക്ക് സൂര്യപ്രകാശമേല്‍ക്കുമ്പോള്‍ സോറിയാസിസ് രോഗത്തില്‍ നിന്ന് അല്‍പം ശമനം ലഭിക്കാം. എന്നാലിതൊരിക്കലും ‘ലൈറ്റ് തെറാപ്പി’ക്ക് (ചികിത്സ) പകരമായി കണക്കാക്കാനാവില്ല. സൂര്യപ്രകാശത്തില്‍ അടങ്ങിയിട്ടുള്ള അള്‍ട്രാവയലറ്റ്-ബി കിരണങ്ങളാണ് സോറിയാസിസിന് ശമനം നല്‍കുന്നത്. അതുപോലെ സൂര്യപ്രകാശത്തിന്‍റെ സഹായത്തോടെയാണ് ശരീരം കാര്യമായും വൈറ്റമിൻ-ഡി ഉത്പാദിപ്പിക്കുന്നത്. വൈറ്റമിൻ -ഡിയും സോറിയാസിസിന് ശമനം കൊടുക്കുന്നതാണ്.
വസ്ത്രം ധരിക്കുമ്പോള്‍…
വേനലില്‍ പൊതുവെ അയഞ്ഞ വസ്ത്രങ്ങളോ, അതുപോലെ ചൂട് പുറത്തുവിടുന്ന കോട്ടൺ പോലുള്ള മെറ്റീരിയലുപയോഗിച്ച് ചെയ്തിട്ടുള്ള വസ്ത്രങ്ങളോ, ചൂട് പിടിച്ചുവയ്ക്കാത്ത ഇളം നിറത്തിലുള്ള വസ്ത്രങ്ങളോ ധരിക്കുന്നതാണ് നല്ലത്. സോറിയാസിസ് രോഗമുള്ളവരും ഇക്കാര്യങ്ങള്‍ തീര്‍ച്ചയായും പിന്തുടരുക.
മോയിസ്‍ചറൈസര്‍ ഉപയോഗം…
വേനലില്‍ മോയിസ്‍ചറൈസര്‍ ഉപയോഗം പതിവാക്കണം. സോറിയാസിസ് രോഗികളിലും സ്കിൻ വലിയ രീതിയില്‍ ഡ്രൈ ആകുന്നത് നന്നല്ല. അതിനാല്‍ മോയിസ്‍ചറൈസര്‍ ഉപയോഗം പതിവാക്കുക.
ഷേവ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക…
സ്ത്രീകളായാലും പുരുഷന്മാരായാലും ഷേവ് ചെയ്യുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് ചര്‍മ്മത്തെ ദോഷകരമായി ബാധിക്കാം. അതായാത് ഷേവ് ചെയ്യും മുമ്പ് ചര്‍മ്മം മോയിസ്ചറൈസ് (നനച്ചാലും മതി) ചെയ്യുക. രോമം വളര്‍ന്നുനില്‍ക്കുന്ന അതേ ദിശയില്‍ തന്നെ വേണം ഷേവ് ചെയ്യാൻ. ഇക്കാര്യവും സോറിയാസിസ് രോഗികള്‍ പ്രത്യേകമായി ശ്രദ്ധിക്കുക.
മദ്യപാനം….
മദ്യപാനം കുറച്ചില്ലെങ്കില്‍ അതും സോറിയാസിസ് രോഗികളെ വലയ്ക്കാം. പ്രത്യേകിച്ച് വേനലില്‍ മദ്യപാനം നല്ലരീതിയില്‍ നിയന്ത്രിക്കുകയോ അല്ലെങ്കില്‍ ഒഴിവാക്കുകയോ ചെയ്യണം.
ചര്‍മ്മം തണുപ്പിക്കാം…
ചൂട് കാലത്ത് ചര്‍മ്മവും കാര്യമായി ചൂട് പിടിച്ച അവസ്ഥയിലാകും. ഇത് സോറിയാസിസ് രോഗികള്‍ക്ക് ഒട്ടും നല്ലതല്ല. അതിനാല്‍ കഴിയുന്നതും വേനലില്‍ ചര്‍മ്മം തണുപ്പിക്കാൻ ശ്രമിക്കാം, ഇതിന് പ്രധാനമായും വീടിനെ കെട്ടിടങ്ങള്‍ക്കോ പുറത്തിറങ്ങാതിരിക്കുകയാണ് ചെയ്യേണ്ടത്. എസി അന്തരീക്ഷത്തില്‍ ചര്‍മ്മം കൂടുതല്‍ ഡ്രൈ ആകുന്നത് തടയാൻ നന്നായി വെള്ളം കുടിക്കുകയും മോയിസ്ചറൈസര്‍ ഉപയോഗം നിര്‍ബന്ധമാക്കുകയും ചെയ്യുക.
കൊതുകുകടി…
കൊതുക്, അല്ലെങ്കില്‍ ചെറുപ്രാണികള്‍ കടിക്കുന്നതും സോറിയാസിസ് രോഗികള്‍ക്ക് നല്ലതല്ല. അതിനാല്‍ ഇക്കാര്യവും പ്രത്യേകം ശ്രദ്ധിക്കുക.