മാനന്തവാടി: വനം-വന്യജീവി നിയമങ്ങളിൽ മനുഷ്യനു യാതൊരു പരിഗണനയും ലഭിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാലാംമൈൽ സി.എ.എച്ച് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയമം ഭേദഗതി ചെയ്യാൻ കേന്ദ്ര സർക്കാറും അതിനു സമ്മർദം ചെലുത്താൻ യു.ഡി.എഫ് എം.പിമാരും തയാറാവുന്നില്ല. നിയമം കൊണ്ടുവന്നതും ശക്തിപകർന്നതും കോൺഗ്രസാണ്. നിയമം ഭേദഗതി ചെയ്യേണ്ട ബി.ജെ.പി സർക്കാർ അതിനു പറ്റില്ലെന്നു പറയുന്നു. ഇവർക്കു മനുഷ്യരോടുള്ള സമീപനമാണ് ഇതിൽനിന്ന് വ്യക്തമാകുന്നത്.
2016 മുതൽ കേരളത്തിനു കിട്ടാനുള്ളത് 107500 കോടിയിലധികം രൂപയാണ്. ഇന്നത്തെ ഇന്ത്യയുടെ സാഹചര്യത്തിൽ ആനി രാജ പാർലമെന്റിൽ ഉണ്ടാവുകയെന്നത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണെന്നും അവരെ വലിയ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എ.എന്‍. പ്രഭാകരന്‍ അധ്യക്ഷതവഹിച്ചു. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ആനിരാജ, സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം. സ്വരാജ്, നേതാക്കളായ പി. ഗഗാറിന്‍, ഇ.ജെ. ബാബു, സി.കെ. ശശീന്ദ്രന്‍, ഒ.ആര്‍. കേളു എം.എല്‍.എ, പി.എം. ഷബീറലി, വി.കെ. ശശിധരന്‍, പി.വി. സഹദേവന്‍, കെ. റഫീഖ്, എ. ജോണി, കുര്യാക്കോസ് മുള്ളന്‍മട, എം.പി. ശശികുമാര്‍, ജസ്റ്റിന്‍ ബേബി, പി.ജെ. കാതറിന്‍, കുന്നുമ്മല്‍ മൊയ്തു, ഷാജി ചെറിയാന്‍ എന്നിവര്‍ സംസാരിച്ചു. സി.പി.എം പനമരം ഏരിയ കമ്മിറ്റിക്കു ദ്വാരകയിൽ നിർമിച്ച ഓഫിസ് ഉദ്ഘാടനം ചെയ്തശേഷമാണ് മുഖ്യമന്ത്രി പൊതുസമ്മേളനത്തിനെത്തിയത്.