കോട്ടയം : പ്രശസ്ത തീര്‍ഥാടന കേന്ദ്രമായ മണർകാട് പള്ളിയും വിവാദത്തില്‍. പള്ളിവക 142 ഏക്കർ സ്ഥലവും കെട്ടിടങ്ങളും എല്ലാ സ്ഥാപനങ്ങളും പ്രതിവർഷം 5000/- രൂപ പാട്ടത്തിന് സെന്റ് മേരീസ് ചാരിറ്റബിൾ ആന്റ് എഡ്യൂക്കേഷണൽ സൊസൈറ്റിക്ക് 99 വർഷത്തേക്ക് പാട്ടക്കരാര്‍ നൽകിയതായി വെളിപ്പെടുത്തല്‍. ട്രസ്റ്റി – വി.വി. മാത്യു വടക്കേക്കര മാലം, ട്രസ്റ്റി – സന്തോഷ് ജോർജ് മൂലയിൽ മണർകാട്, സെക്രട്ടറി – എം.എ. ചെറിയാൻ മണിയല അരീപ്പറമ്പ് എന്നിവരുടെതാണ് വിവാദമാകുന്ന വെളിപ്പെടുത്തല്‍.
മണര്‍കാട് സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയം മലങ്കര ഓർത്തഡോക്സ് സഭയുടെ കീഴിലുള്ള പള്ളിയാണെന്ന് 1995 ൽ സുപ്രീംകോടതി വിധി പ്രഖ്യാപിച്ചിട്ടുള്ളതാണ്. ഈ വിധിയുടെയും 2017 ലെ കെ. എസ്. വർഗ്ഗീസ് കേസ്സിന്റെ വിധിയുടെയും അടിസ്ഥാനത്തിൽ ഈ പള്ളിയിൽ 1934 ലെ മലങ്കര ഓർത്തഡോക്സ് സഭയുടെ ഭരണഘടന പ്രകാരം തെരഞ്ഞെടുപ്പ് നടത്തി അപ്രകാരം തെരഞ്ഞെടുക്കപ്പെടുന്ന കമ്മറ്റി പള്ളിയുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും കണക്കും റിക്കാർഡുകളും താക്കോലുകളും ക്യാഷും ഏൽപ്പിക്കാൻ കോട്ടയം സബ്കോടതി 2019 ൽ ഒ.എസ്. 7-ാം നമ്പർ കേസ്സിലും വിധിയായിട്ടുണ്ട്.
ഈ വിധിയെ തുടർന്ന് പള്ളിയുടെയും 2020 കാലയളവിലെ ട്രസ്റ്റിമാർ എന്നവകാശപ്പെടുന്ന മാത്യു ജേക്കബ് കൊച്ചുപറമ്പിൽ മണർകാട്, ഷാജി മാത്യു പുതുമന വീട് മാലം, മെൽവിൻ റ്റി കുരുവിള തലച്ചിറയ്ക്കൽ മാലം എന്നിവർ ചേർന്ന് കോട്ടയം അഡീഷണൽ സബ് രജിസ്ട്രാർ ഓഫീസിൽ 2020 ൽ 1845-ാം നമ്പരായി പള്ളിയും ശവക്കോട്ടയും ആശുപത്രിയും കോളേജും, ഹയർ സെക്കന്ററി സ്കൂളും, ഹൈസ്കൂളും, ഇംഗ്ലീഷ് മീഡിയം സ്കൂൾ, ഐ.റ്റി.സി യും, ഇത് കൂടാതെ വില്ലേജ് ഓഫീസ്, കൃഷിഭവനും മണർകാട് പള്ളിയുടെ ഉടമ്പടി പ്രകാരം ഗവൺമെന്റിന് വിട്ടുകൊടുത്തിട്ടുള്ളതാകുന്നു. എന്നാല്‍ ആ സ്ഥലവും ഈ പാട്ടക്കരാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
142 ഏക്കർ സ്ഥലവും കെട്ടിടങ്ങളും പള്ളിവക എല്ലാ സ്ഥാപനങ്ങളും പാരീഷ് ഹാളും പ്രതിവർഷം 5000/- രൂപ പാട്ടം നിശ്ചയിച്ച് സെന്റ് മേരീസ് ചാരിട്ടബിൾ ആന്റ് എഡ്യൂക്കേഷണൽ സൊസൈറ്റിക്ക് 99 വർഷത്തേക്കാണ് പാട്ടത്തിന് നൽകിയിട്ടുള്ളത്. ഇതു സംബന്ധിച്ച ഒരു പാട്ടച്ചീട്ട് 2020 ഡിസംബര്‍ 30 ന് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ സൊസൈറ്റിയുടെ ഭാരവാഹികളില്‍ മുൻപത്തെ മൂന്നുപേർ അടങ്ങുന്നുണ്ട്. സൊസൈറ്റിയിലെ അംഗങ്ങളുടെ എണ്ണം 50 ആയി ക്ലിപ്തപ്പെടുത്തുകയും ഭാരവാഹികളുടെ ആശ്രിതരായ 50 പേരെ സൊസൈറ്റിയിൽ അംഗങ്ങളാക്കുകയും ചെയ്തിട്ടുണ്ട്. മേലിൽ ആർക്കും ഈ സൊസൈറ്റിയിൽ അംഗത്വം നൽകുകയില്ല എന്ന് സൊസൈറ്റി ഭരണഘടനയിൽ വ്യവസ്ഥ ചെയ്യുകയും ചെയ്തു. 350 കോടി രൂപ വിലവരുന്ന പള്ളിയും അനുബന്ധ സ്ഥാപനങ്ങളും അവയുടെ സ്വത്തുക്കളും മുതൽ മുടക്ക് കൂടാതെ വിരലിൽ എണ്ണാവുന്ന ആളുകളുടെ കൈവശത്തിന്മേൽ ഈ ഉടമ്പടി മൂലം എത്തിച്ചേർന്നിരിക്കുന്നു.
കേരളത്തിൽ ആകെ മാത്രമുള്ള ക്രൈസ്തവരും അക്രൈസ്തവരുമായ ആളുകൾ ഇടുന്ന നേർച്ചപ്പണം കൊണ്ട് കെട്ടിപ്പടുത്ത പള്ളിയും അനുബന്ധ സ്ഥാപനങ്ങളും ഏതാനും വ്യക്തികളുടെ കൈവശത്തിലാക്കുകയാണ് ഈ പാട്ടക്കരാറിലൂടെ ചെയ്തിരിക്കുന്നത്. ഈ പാട്ടക്കരാർ നിലവിൽ വരുന്നതോടുകൂടി പള്ളിയും ശവക്കോട്ടയും ആശുപ്രത്രിയും, കോളേജും ഐ.റ്റി.സി.യും, ഹൈസ്കൂളും, ഹയർ സെക്കന്ററി സ്കൂളും പള്ളിവക 142 ഏക്കർ സ്ഥലവും സൊസൈറ്റി ഭാരവാഹികളുടേതെന്ന് അറിയപ്പെടുന്നവരുടെ കൈവശത്തിൽ എത്തിച്ചേരുന്നതും 99 വർഷത്തേക്ക് വസ്തുക്കളിൽ പള്ളിക്കോ, ഇടവകക്കാർക്കോ യാതൊരു അവകാശവും ഇല്ലാത്തതും പള്ളി മാനേജിംഗ് കമ്മറ്റിയുടെയും പൊതുയോഗത്തിന്റെ പ്രവർത്തനം നിലച്ച് പോകുന്നതുമാണ്.
ഇടവക പട്ടക്കാർ മുൻപ് പറഞ്ഞ സൊസൈറ്റിയുടെ ജോലിക്കാർ മാത്രമായിമാറും. പള്ളി ഭരണം അടക്കമുള്ള എല്ലാ വരുമാനങ്ങളും സൊസൈറ്റിക്ക് മാത്രമായിത്തീരും. ഇതില്‍ നിന്നും രക്ഷനേടുന്നതിനുള്ള ഏക മാർഗ്ഗം 1995 ലെ സുപ്രീംകോടതി വിധി പ്രകാരം 2019 ലെ കോട്ടയം സബ്കോടതി വിധി പ്രകാരവും 1934 ലെ ഭരണഘടന പ്രകാരവും തെരഞ്ഞെടുപ്പ് നടത്തി അധികാരം കൈമാറുക എന്നത് മാത്രമാണ്. ആയതിനുള്ള നടപടി എത്രയും വേഗം സ്വീകരിക്കുന്നതോടൊപ്പം മേൽപ്പറഞ്ഞ വ്യാജ ഉടമ്പടി റദ്ദാക്കി കുറ്റക്കാർക്കെതിരായി സിവിലായും ക്രിമിനലായും നടപടി സ്വീകരിക്കുകയും ചെയ്യണമെന്ന് ഭാരവാഹികള്‍ പറഞ്ഞു.