മാഞ്ചസ്റ്റര്‍: പുതിയ പരിശീലകനെ നിയമിക്കാനുള്ള നീക്കങ്ങൾ സജീവമാക്കി ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡ്. ഇതിനായി നാല് പരിശീലകരുടെ ചുരുക്കപ്പട്ടികയും യുണൈറ്റഡ് തയ്യാറാക്കിക്കഴിഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ പ്രകടനം എന്തായാലും റാൾഫ് റാങ്നിക്ക് പരിശീലകനായി അടുത്ത സീസണിൽ ടീമിനൊപ്പം ഉണ്ടാവില്ല. നിലവിലെ കരാറനുസരിച്ച് സീസൺ അവസാനത്തോടെ റാങ്നിക്ക് ടീമിന്‍റെ ഉപദേഷ്ടവായി മാറും.
ഇതോടെ യുണൈറ്റഡ് പുതിയ പരിശീലകനെ നിയമിക്കാനുള്ള അണിയറ നീക്കങ്ങൾ സജീവമാക്കി. നാല് പരിശീലകരാണ് യുണൈറ്റഡിന്‍റെ പരിഗണനയിലുള്ളത്. പിഎസ്‌ജിയുടെ മൗറീസിയോ പൊച്ചെറ്റീനോ, അയാക്സിന്‍റെ എറിക് ടെൻ ഹാഗ്, സ്‌പാനിഷ് ദേശീയ ടീം കോച്ച് ലൂയിസ് എൻറിക്വെ, സെവിയയുടെ സ്‌പാനിഷ് കോച്ച് യൂലൻ ലപ്പട്ടോഗി എന്നിവരിലൊരാളായിരിക്കും യുണൈറ്റഡിന്‍റെ പുതിയ കോച്ചെന്നാണ് സൂചന. ടോട്ടനം മുൻ കോച്ചായിരുന്ന പൊച്ചെറ്റീനോയുടെ പ്രീമിയർ ലീഗിലെ പരിചയം യുണൈറ്റഡ് മാനേജ്മെന്‍റിനെ ആകർഷിക്കുന്നുണ്ട്.
കോച്ച് ഒലേ സോൾഷെയറെ പുറത്താക്കിയപ്പോഴും യുണൈറ്റഡ് ആദ്യം പരിഗണിച്ചത് പൊച്ചെറ്റീനോയെ ആയിരുന്നു. സീസണിനിടെ ആയതിനാൽ പിഎസ്‌ജി വിടുക പൊച്ചെറ്റീനോയ്ക്ക് എളുപ്പമായിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് യുണൈറ്റഡ് റാങ്നിക്കിനെ താൽക്കാലിക പരിശീലകനായി നിയമിച്ചത്.
എറിക് ടെൻ ഹാഗിനെ പുതിയ പരിശീലകനാക്കണമെന്നാണ് റാങ്നിക്കിന്‍റെ നിർദേശം. ഹാഗിന് കീഴിൽ അയാക്സ് നടത്തുന്ന ആധികാരിക പ്രകടനവും റാങ്നിക്ക് ചൂണ്ടിക്കാട്ടുന്നു.
ഖത്തർ ലോകകപ്പോടെ സ്‌പാനിഷ് ടീമിന്‍റെ ചുമതല ഒഴിഞ്ഞേക്കുമെന്ന സൂചനയുള്ളതിനാലാണ് എൻറിക്വെയെ പരിഗണിക്കുന്നത്. ബാഴ്സലോണയെ ചാമ്പ്യൻസ് ലീഗ് ജേതാക്കളാക്കിയ പരിശീലകനാണ് എൻറിക്വെ. സെവിയയിലെ മികച്ച പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലാണ് ലപ്പട്ടോഗി യുണൈറ്റഡിന്‍റെ ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ചത്. ഇതിഹാസ കോച്ച് അലക്സ് ഫെർഗ്യൂസൻ 2013ൽ പടിയിറങ്ങിയതിന് ശേഷം യുണൈറ്റഡിന്‍റെ ഏഴാമത്തെ പരിശീലകനാണ് ജർമൻകാരനായ റാൾഫ് റാങ്നിക്ക്.