തിരുവനന്തപുരം : അപകടകാരികളായ കാട്ടുപന്നികളെ കൊല്ലാനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നൽകിയ മന്ത്രിസഭാ തീരുമാനത്തിനെതിരെ ബിജെപി എം പി മനേക ഗാന്ധി. സംസ്ഥാന സർക്കാരിന്‍റെ തീരുമാനുമാനത്തിൽ പ്രതിഷേധം അറിയിച്ച് വനംമന്ത്രിക്ക് കത്തയച്ചു. മനേക ഗാന്ധിയ്ക്ക് രേഖാമൂലം മറുപടി നല്‍കാന്‍ വനം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയ്ക്ക് വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍ദ്ദേശം നല്‍കി.
ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗമാണ് ചീഫ് വൈൽഡ് ലൈഫ് വാർഡന്‍റെ അധികാരം തദ്ദേശ സ്ഥാപനത്തിന്‍റെ അധ്യക്ഷൻമാർക്ക് നൽകാൻ തീരുമാനിച്ചത്. കേന്ദ്ര സർക്കാരിന്‍റെ അഭിപ്രായം കൂടി പരിഗണിച്ചാണ് തദ്ദേശ സ്ഥാപന അധ്യക്ഷൻമാരെ ഓണറി വൈൽഡ് ലൈഫ് വാർഡൻ പദവി നൽകാൻ തീരുമാനിച്ചതെന്ന് വനംമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. കത്തിന് വിശദമായ മറുപടി നൽകുമെന്നും വനംമന്ത്രിയുടെ ഓഫീസ് പറഞ്ഞു.
നിലവിലുള്ള കേന്ദ്ര വന്യജീവി നിയമം അനുശാസിക്കുന്ന വിധത്തില്‍ മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിട്ടുള്ളത്. സംസ്ഥാനത്തെ വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്ന കര്‍ഷകരുടെയും മറ്റു ജനങ്ങളുടെയും ദുരിതത്തിന് ശാശ്വതമായ പരിഹാരമെന്ന നിലയിലാണ് സര്‍ക്കാര്‍ ഇത്തരമൊരു നിലപാട് സ്വീകരിച്ചത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ബാധ്യതയാണ് ഇതിലൂടെ നിറവേറ്റാന്‍ ശ്രമിക്കുന്നത്. വനത്തിനുള്ളില്‍ കടന്ന് കാട്ടുപന്നികളെ വെടിവെക്കാനും നശിപ്പിക്കാനും സംസ്ഥാന സര്‍ക്കാര്‍ ആര്‍ക്കും അനുമതി നല്‍കിയിട്ടില്ല.
സര്‍ക്കാരിന്റെ നല്ല ഉദ്ദേശ്യത്തെ തകിടം മറിയ്ക്കാനാണ് ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നത്. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം നിരന്തരം നിരാകരിക്കുകയും ഇതുമായി ബന്ധപ്പെട്ട വിഷയത്തില്‍ തുടര്‍ച്ചയായി തെറ്റിദ്ധാരണാജനകമായ പ്രസ്താവനകള്‍ നടത്തുകയും ചെയ്യുന്ന കേന്ദ്ര സര്‍ക്കാര്‍, സംസ്ഥാനത്തെ ജനങ്ങളുടെ ദുരിതം കാണാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ഇത്തരമൊരു നീക്കം നടത്തിയതെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രിയുടെ ഓഫീസ് പ്രസ്താവനയിലൂടെ അറിയിച്ചു.