ബംഗലൂരു: മംഗ്ലൂരു സ്ഫോടനത്തിന്‍റെ .മുഖ്യസൂത്രധാരന്‍ ദുബായിലേക്ക് കടന്നുവെന്ന് സംശയം.അബ്ദുള്‍ മദീന്‍ താഹയാണ് രാജ്യം വിട്ടതായി പൊലീസ് അറിയിച്ചത്.ദുബായ് കേന്ദ്രീകരിച്ചാണ് ഇയാളുടെ പ്രവര്‍ത്തനമെന്ന് കര്‍ണാടക എഡിജിപി വ്യക്തമാക്കി.താഹ ഷാരീഖിന്‍റെ അക്കൗണ്ടിലേക്ക് ദുബായില്‍ നിന്ന് പണം അയച്ചതിന്റെ രേഖകള്‍ ലഭിച്ചുവെന്നും പൊലീസ് പറഞ്ഞു.അതിനിടെ സ്ഫോടന കേസിലെ പ്രതിയുടെ CCTV ദൃശ്യങ്ങൾ പുറത്ത്.സ്ഫോടനം നടക്കുന്നതിന് തൊട്ടു മുൻപുള്ളതാണ് ദൃശ്യങ്ങൾ.ബോംബ് ഘടിപ്പിച്ച ബാഗുമായി ഷാരിഖ് പോകുന്നതാണ് ദൃശ്യങ്ങളിൽ.ഇയാളുടെ സഞ്ചാര പാത പൊലീസ് പരിശോധിക്കുകയാണ്.
മുഖ്യ പ്രതി മുഹമ്മദ് ഷരീഖ് സെപ്തംബർ മാസത്തിൽ കേരളത്തിലെത്തി,ആലുവയിൽ 5 ദിവസം താമസിച്ചുവെന്നും പോലീസ് വ്യക്തമാക്കി.സെപ്റ്റംബർ 13 മുതൽ 18 വരെയാണ് ആലുവയിലെ ലോഡ്ജിൽ താമസിച്ചത് .ലോഡ്ജ് ഉടമയെ കേരള തീവ്രവാദവിരുദ്ധ സ്ക്വാഡ് ചോദ്യം ചെയ്തു.ആമസോൺ വഴി വാങ്ങിയ വസ്തുക്കളുടെ കാര്യത്തിൽ ദുരൂഹതയുണ്ട്..ഫേസ് വാഷും വണ്ണം കുറയ്ക്കുന്നതിനുമുളള ടമ്മി ടിമ്മറുമാണ് ആമസോൺ വഴി വാങ്ങിയത് .വണ്ണം കുറയ്ക്കാനുളള ഉപകരണം ഷാരിഖ് വാങ്ങേണ്ട കാര്യമില്ലെന്ന നിഗമനത്തിലാണ് തീവ്രവാദ വിരുദ്ധ സ്വാഡ് .ആലുവയിൽ വന്ന് ലോഡ്ജിൽ താമസിച്ച് ,ഇത് എന്തിന് വാങ്ങിയെന്നാണ് അന്വേഷിക്കുന്നത്.
മംഗ്ലൂരു ഓട്ടോറിക്ഷ സ്ഫോടന കേസ് പ്രതി ഷാരിഖിന് ഐഎസ്ഐഎസ് ബന്ധമെന്ന് കര്‍ണാടക പൊലീസ് അറിയിച്ചു.മംഗ്ലൂരുവിലെ തിരക്കേറിയ നാഗൂരി ബസ്റ്റാഡില്‍ വലിയ സ്ഫോടനമായിരുന്നു ലക്ഷ്യം.കൃത്യമായ ആസൂത്രണത്തോടെ ആയിരുന്നു നീക്കങ്ങള്‍. ഓണ്‍ലൈനിലൂടെ സ്ഫോടന സാമഗ്രികള്‍ സംഘടിപ്പിച്ച് വാടകവീട്ടില്‍ വച്ച് ബോംബ് നിര്‍മ്മിച്ചു. വ്യാജആധാര്‍ കാര്‍ഡില്‍ തെറ്റായ വിലാസത്തില്‍ വീട് വാട്കയ്ക്ക് എടുത്തു. കോയമ്പത്തൂരില്‍ നിന്ന് വ്യാജസിംകാര്‍ഡ് സംഘടിപ്പിച്ചു. ഐഎസ് മാതൃകയില്‍ സഫോടനത്തിന് മുന്‍പ് പ്രഷര്‍കുക്കര്‍ ബോംബ് കൈയ്യില്‍ പിടിച്ച് ഷാരിഖ് ഫോട്ടോയെടുത്തു.ശനിയാഴ്ച വൈകിട്ട് ഈ പ്രഷര്‍ കുക്കര്‍ ബോംബുമായി ഓട്ടോയില്‍ പോകുന്നതിനിടെ അപ്രതീക്ഷിതമായി സ്ഫോടനം സംഭവിക്കുകയാരുന്നു.
സ്ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച അറാഫത്ത് അലി, മുസാഫിര്‍ ഹുസൈന്‍ എന്നിവര്‍ക്കായി അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. ഷാരിഖിന് വ്യാജ സിംകാര്‍ഡ് നല്‍കിയ ഊട്ടി സ്വദേശി സുരേന്ദ്രന് കസ്റ്റഡിയിലായി. കോയമ്പത്തൂര്‍ സ്ഫോടനത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് ഷാരിഖ് കോയമ്പത്തൂരിലെത്തിയിരുന്നു. കേരളത്തിലും തമിഴ്നാട്ടിലെ മധുരയിലും എത്തി. ഷാരിഖിന്‍റെ തീവ്രവാദ ബന്ധത്തില്‍ എന്‍ഐഎ വിശദമായ അന്വേഷണം തുടങ്ങി. 45 ശതമാനം പൊള്ളലേറ്റ ഷാരിഖും ഓട്ടോഡ്രൈവറും മംഗ്ലൂരുവില്‍ ചികിത്സയിലാണ്.