ബംഗളൂരു: മംഗളൂരുവിൽനിന്ന് ലക്ഷദ്വീപിലേക്ക് ക്രൂയിസ് സർവിസ് ആരംഭിക്കാൻ ദക്ഷിണ കന്നട ജില്ല ഭരണകൂടം നടപടി സ്വീകരിക്കണമെന്ന് നളിൻ കുമാർ കട്ടീൽ എം.പി ആവശ്യപ്പെട്ടു. നിലവിൽ ലക്ഷദ്വീപിലേക്കുള്ള വിനോദ സഞ്ചാരികൾ കേരളത്തിലെ കൊച്ചി വഴി കപ്പൽ മാർഗമോ വിമാനമാർഗമോ ആണ് യാത്ര ചെയ്യുന്നതെന്നും മംഗളൂരുവിൽനിന്ന് കപ്പൽ സർവിസ് ആരംഭിക്കുന്നത് വിനോദ സഞ്ചാരികളെ ആകർഷിക്കാനിടയാക്കുമെന്നും എം.പി പറഞ്ഞു. ഭൂമിശാസ്ത്രപരമായി കൊച്ചിയേക്കാളും ലക്ഷദ്വീപിന് അടുത്താണ് മംഗളൂരു സ്ഥിതി ചെയ്യുന്നത്. കെട്ടിട നിർമാണ വസ്തുക്കൾ, പഴങ്ങൾ, പച്ചക്കറികൾ മുതലായവ മംഗളൂരുവിൽനിന്നാണ് ലക്ഷദ്വീപിലേക്ക് കൊണ്ടുപോകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുമ്പ് 250 മുതൽ 300 രൂപ വരെ ടിക്കറ്റ് നിരക്കിൽ ഈ റൂട്ടിൽ കപ്പൽ സർവിസ് നടത്തിയിരുന്നു. സമുഹമാധ്യമങ്ങളിൽ ലക്ഷദ്വീപിനെ പിന്തുണച്ച് കാമ്പയിൻ നടക്കുന്നതിന് പിന്നാലെ നിരവധി പേർ ദ്വീപിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നതായി എം.പി ചൂണ്ടിക്കാട്ടി.