കോട്ടയം: കാഞ്ഞിരപ്പള്ളിയിലെ പച്ചക്കറി മൊത്തവ്യാപാര സ്ഥാപനത്തിൽനിന്ന് മാങ്ങ മോഷ്ടിച്ച കേസിൽ പ്രതിക്കായി തിരച്ചിൽ തുടരുകയാണെന്ന് കോട്ടയം ജില്ല പൊലീസ് മേധാവി കെ. കാർത്തിക്. പ്രതി പൊലീസുകാരനായതിന്‍റെ പേരിൽ ഒരു മൃദുസമീപനവുമില്ല. പൊലീസിന്‍റെ തിരച്ചിൽ രീതികളെക്കുറിച്ച് പ്രതിക്ക് അറിവുള്ളതിനാലാണ് അറസ്റ്റ് വൈകുന്നത്.
മൊബൈൽഫോൺ ഉപയോഗിക്കുന്നില്ല. ഇയാൾക്കെതിരെ ബലാൽസംഗ കേസുകളടക്കം നേരത്തേ ഉണ്ടായിട്ടുണ്ട്. കേസിൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇടുക്കി എ.ആർ ക്യാമ്പിലെ സിവിൽ പൊലീസ് ഓഫിസർ പി.ബി. ഷിഹാബിനെതിരെയാണ് കേസ്.
നേരത്തെ മാമ്പഴം മോഷ്ടിച്ച കേസിൽ ശിഹാബിനെ സസ്‍പെൻഡ് ചെയ്തിരുന്നു. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തായതോടെ ഇയാൾ ഒളിവിൽ പോയിരുന്നു.
പുലർച്ചെ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുമ്പോഴാണ് മുണ്ടക്കയത്ത് റോഡരികിലെ കടയുടെ മുമ്പിൽ മാങ്ങ പെട്ടിയിലാക്കി വെച്ചിരിക്കുന്നത് ശിഹാബ് കണ്ടത്. വണ്ടി നിർത്തി ആരുമില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം മാങ്ങ വാഹനത്തിൽ കയറ്റുകയായിരുന്നു. മോഷ്ടിച്ച പത്ത് കിലോ മാങ്ങ വാഹനത്തിന്റെ സീറ്റിനടിയിലേക്ക് എടുത്ത് വെക്കുന്നത് സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.ജാക്കറ്റും ഹെൽമറ്റും ധരിച്ചിരുന്നതിനാൽ ആദ്യം പ്രതിയെ മനസ്സിലാക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ, വാഹനത്തിന്റെ നമ്പറാണ് കള്ളനായ പൊലീസുകാരനെ കെണിയിലാക്കിയത്.