ദില്ലി: പാലാ നിയമസഭ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഹർജിക്കാരന് ഹൈക്കോടതി അനുവദിച്ച അഭിഭാഷകരെ മാറ്റണമെന്ന് ആവശ്യപ്പെട്ട് മാണി സി കാപ്പൻ എംഎൽഎ സുപ്രീം കോടതിയെ സമീപിച്ചു. പാലാ തെരഞ്ഞെടുപ്പിൽ അനുവദിക്കപ്പെട്ട തുകയെക്കാൾ കൂടുതൽ പണം രാഷ്ട്രീയപാർട്ടികൾ ചെലവഴിച്ചെന്നും ഇതിനാൽ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ഹർജിക്കാരനായ സി വി ജോൺ കേരള ഹൈക്കോടതിയെ സമീപിച്ചത്.
എന്നാൽ ഹർജിക്കാരന് കേസ് സ്വയം വാദിക്കാനാകില്ലെന്ന് കോടതിയെ അറിയിച്ചതോടെ സീനീയർ അഭിഭാഷകൻ പി വിശ്വനാഥൻ, ഷിബു ജോസഫ് എന്നിവരെ കോടതി നിയമസഹായത്തിനായി അനുവദിച്ചു. ഇരുഅഭിഭാഷകരും പാലാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മറ്റൊരു കേസിലെയും അഭിഭാഷകരാണ്. ഹർജിക്കാരന് സൌജന്യ നിയമസഹായത്തിന് അർഹതയുണ്ടോ എന്ന് പരിശോധിക്കാതെയാണ് ഹൈക്കോടതി നടപടിയെന്നും , പാലാ തെരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിച്ച് വ്യക്തിയാണെന്നും സുപ്രീം കോടതിയിൽ ഫയൽ ചെയ്തിരിക്കുന്ന ഹർജിയിൽ മാണി സി കാപ്പൻ വ്യക്തമാക്കുന്നു.
അതിനാൽ സൌജന്യ നിയമസഹായം ലഭിക്കാനുള്ള അർഹത ഹർജിക്കാരാനില്ലെന്നിലും സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ വ്യക്തമാക്കുന്നുണ്ട്. പാലാ തെരഞ്ഞെടുപ്പ് അനുബന്ധമായിട്ടുള്ള മറ്റൊരു ഹർജിക്കാരന്റെ അഭിഭാഷകരെ തന്നെ ഈ കേസിലും കോടതി നേരിട്ട് നിയോഗിക്കുന്നത് മുൻവിധികളോടെയാണെന്നും മാണി സി കാപ്പൻ ഹർജിയിൽ പറയുന്നുണ്ട്. അഭിഭാഷകൻ റോയി ഏബ്രഹാം ആണ് മാണി സി കാപ്പനായി ഹർജി സുപ്രീം കോടതിയിൽ സമർപ്പിച്ചത്.