ന്യൂഡൽഹി: ഡൽഹിയിലെ ജങ്ക്പുരയിലെ വസതിയൊഴിയണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർക്കും മകൾ സുരണ്യ അയ്യർക്കും നോട്ടീസ്. ജനുവരി 22ന് അയോധ്യയിലെ തർക്കഭൂമിയിൽ നടന്ന പ്രാണപ്രതിഷ്ഠ ചടങ്ങിനെതിരെ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റിട്ടതിനെ തുടർന്നാണ് നടപടി. മറ്റ് വിഭാഗക്കാരുടെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച്
റെസിഡൻസ് വെൽഫെയർ അസോസിയേഷൻ ആണ് ഇവരോട് വീടൊഴിയാൻ ആവശ്യപ്പെട്ടത്. കോളനിയിലെ സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നവരെയും താമസക്കാരുടെ മതവികാരം വ്രണപ്പെടുത്തുന്നവരെയും ഒരുതരത്തിലും വെച്ചുപൊറുപ്പിക്കില്ലെന്നാണ് നോട്ടീസിൽ പറയുന്നത്. പ്രാണപ്രതിഷ്ഠ ചടങ്ങിൽ പ്രതിഷേധിക്കുകയാണ് ചെയ്തത് എന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടെങ്കിൽ, ഇവിടം വിട്ട് ഇതിനെതിരെ കണ്ണടക്കുന്ന മറ്റൊരിടത്തേക്ക് താമസം മാറ്റുന്നതാണ് ഉചിതം. കാരണം അത്തരം വിദ്വേഷ പ്രവർത്തനങ്ങളോട് കണ്ണടക്കാൻ ഒരിക്കലും സാധിക്കില്ല എന്നും നോട്ടീസിലുണ്ട്.
അയോധ്യയിലെ പ്രാണപ്രതിഷ്ഠയിൽ പ്രതിഷേധിച്ച് താൻ ആ ദിവസം ഉപവസിക്കുമെന്നാണ് സുരന്യ അയ്യർ ഫേസ്ബുക്കിൽ കുറിച്ചത്. മുസ്‍ലിം പൗരൻമാരോടുള്ള ഐക്യദാർഢ്യം കൂടിയാണ് ഉപവാസമെന്നും സുരണ്യ കൂട്ടിച്ചേർത്തു. 500 വർഷം മുമ്പ് നിലനിന്നിരുന്നതാണ് രാമക്ഷേത്രമെന്നും സുപ്രീംകോടതി വിധിയെ തുടർന്നാണ് ക്ഷേത്രം നിർമിക്കുന്നത് എന്നീ കാര്യങ്ങൾ സുരന്യ കണക്കിലെടുത്തില്ല എന്നും റെസിഡൻസ് അസോസിയേഷൻ ചൂണ്ടിക്കാട്ടി.
രാജ്യത്തിന്റെ അഭിവൃദ്ധിയെ സഹായിക്കുന്ന ഏതുതരത്തിലുള്ള രാഷ്ട്രീയത്തിൽ പ്രവർത്തിക്കാനും നിങ്ങൾക്ക് സ്വാതന്ത്ര്യമുണ്ട്. എന്നാൽ നിങ്ങളുടെ പ്രവൃത്തിയും വാക്കുകളും കോളനിയുടെ പ്രവർത്തനത്തെ ബാധിക്കാൻ പാടില്ല. അതിനാൽ അത്തരം പോസ്റ്റുകൾ അത്തരം നടപടികളിൽ നിന്ന് മാറിനിൽക്കണമെന്നും അഭ്യർഥിക്കുന്നുവെന്നും നോട്ടീസിലുണ്ട്. മകളുടെ സമൂഹ മാധ്യമ പോസ്റ്റിനെ അപലപിക്കാൻ തയാറല്ലെങ്കിൽ വീട് വിട്ടിറങ്ങണമെന്നാണ് മണി ശങ്കർ അയ്യരോട് ആവശ്യപ്പെട്ടത്.