കോഴിക്കോട്: പ്രമുഖ ചിന്തകനും എഴുത്തുകാരനുമായിരുന്ന എം.എൻ വിജയൻ അനുസ്മരണത്തിൽ മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ മണിശങ്കർ അയ്യർ സെമിനാറിൽ മുഖ്യ പ്രഭാഷണം നടത്തുമെന്ന് എം.എൻ വിജയൻ സാംസ്കാരിക കേന്ദ്രം കൺവീനർ കെ.പി പ്രകാശൻ അറിയിച്ചു. 25 ന് വൈകീട്ട് അഞ്ചിന് കെ.പി.കേശവമേനോൻ ഹാളിൽ നടക്കുന്ന ‘ഇന്ത്യയെ വീണ്ടെടുക്കൽ’ എന്ന വിഷയത്തിലാണ് അദ്ദേഹം മുഖ്യപ്രഭാഷണം നടത്തുന്നത്.എം.കെ രാഘവൻ എം.പി, സി.പി ജോൺ, കെ.എം ഷാജി, ജോസഫ് സി. മാത്യു, എൻ.പി ചെക്കൂട്ടി എന്നിവരും സെമിനാറിൽ സംസാരിക്കും. രാവിലെ 10ന് ബഹുസ്വരതയും ജനാധിപത്യവും എന്ന വിഷയത്തിൽ സംവാദം നടക്കും. ഡോ: ഇ.വി രാമകൃഷ്ണൻ , യു.കെ കുമാരൻ, കല്പറ്റ നാരായണൻ, വി.പി വാസുദേവൻ, വി.എസ് അനിൽ കുമാർ, കെ. സഹദേവൻ, ഡോ. സ്മിത പി. കുമാർ, അഡ്വ. നജ്മ തബ്ഷീറ, ഡോ. ഹരിപ്രിയ, കെ.പി നൗഷാദ് അലി, കെ.എസ് ഹരിഹരൻ എന്നിവർ പങ്കെടുക്കും.ഉച്ചക്ക് ശേഷം മൂന്നിന് നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ കെ.സി ഉമേഷ് ബാബു, ഡോ. ആസാദ് എന്നിവർ സംസാരിക്കും. അന്റോണിയോ നെഗ്രി, മൈക്കൽ ഹാർഡ്ട്ട് എന്നിവർ രചിച്ച എമ്പയർ എന്ന പുസ്തകത്തിന്റെ മലയാള പരിഭാഷ പരിപാടിയിൽ വെച്ച് പ്രകാശനം നിർവഹിക്കും. എം എൻ വിജയൻ സാംസ്കാരിക കേന്ദ്രമാണ് പരിപാടി സംഘടിപ്പിക്കുന്നത്.












