ഇടുക്കി: കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ ഭീഷണി പ്രസംഗം നടത്തിയ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസിനെ ന്യായീകരിച്ച് എം എം മണി എംഎൽഎ. സുധാകരന് പറഞ്ഞതിനുള്ള മറുപടി മാത്രമാണ് ജില്ലാ സെക്രട്ടറി നൽകിയതെന്നാണ് എം എം മണിയുടെ പ്രതികരണം.
‘സുധാകരന് ഇടുക്കിയില്‍ വന്നു പ്രസംഗിച്ചത് മുഴുവന്‍ വിവരക്കേട് ആണ്. ധീരജിന്റെ കേസില്‍ ഉള്‍പ്പെട്ടവര്‍ നിരപരാധികളാണെന്നും അവരെ വെറുതെവിട്ടാല്‍ ഇതിലേ കൊണ്ടുവരും എന്ന് സുധാകരന് ഇവിടെ വന്നു പ്രസംഗിച്ചു. കൊലപാതകം ഇരന്നുവാങ്ങിയതാണെന്ന് പറഞ്ഞു. സുധാകരന് അന്നു പറഞ്ഞതിന്റെ മറുപടി മാത്രമാണ് ജില്ലാ സെക്രട്ടറി ഇന്ന് പറഞ്ഞത്. ഞങ്ങളെയെല്ലാം പേരുപറഞ്ഞായിരുന്നു സുധാകരന്റെ ആക്ഷേപം. പക്ഷേ ഞങ്ങളങ്ങനെ ചെയ്തില്ലെന്നും’ എം എം മണി കൂട്ടിച്ചേർത്തു.