തിരുവനന്തപുരം : തിരുവനന്തപുരത്ത് ഇരട്ടക്കൊലക്കേസ് പ്രതി വിഷ്ണുരൂപിനെ (മണിച്ചൻ-34) വെട്ടിയത് കൂടെയിരുന്ന് മദ്യപിച്ച സുഹൃത്തുക്കൾ. തിരുവനന്തപുരം വഴയിലയ്ക്കടുത്ത് ആറാംകല്ലിലെ ലോഡ്ജുമുറിയിൽ വെച്ചാണ് മണിച്ചനെതിരെ ആക്രമണമുണ്ടായത്. മണിച്ചന്റെ സുഹൃത്ത് ഹരികുമാർ വേട്ടേറ്റ് ആശുപത്രിയിലാണ്. സംഭവത്തില്‍ ദീപക് ലാൽ, അരുൺ ജി രാജീവ് എന്നിവെരാണ് പിടിയിലായത്. ഇരുവരും വട്ടിയൂർക്കാവ സ്വദേശികളാണ്. മണിച്ചൻ ഉൾപ്പെടുന്ന ഗുണ്ടാ സംഘത്തിലുള്ളവരായിരുന്നു ഇവർ.
എന്നാൽ നാല് വർഷം മുമ്പ് ഇവർ പിരിഞ്ഞു. കഴിഞ്ഞ രാത്രി ലോഡ്ജ് മുറിയിൽ വീണ്ടും ഒത്തു ചേർന്ന മദ്യപിക്കുന്നതിനിടെയാണ് കൊലപാതകം. മദ്യപിക്കുന്നതിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. നിരവധി കേസുകളിൽ പ്രതിയായ മണിച്ചനും സുഹൃത്തും ഹരികുമാറും രണ്ടുദിവസം മുമ്പാണ് ലോഡ്ജിൽ മുറിയെടുത്തത്. ബുധനാഴ്ച രാത്രി മദ്യപിക്കാനായി ഇവർക്കൊപ്പം ദീപക് ലാലും അരുണും ഉണ്ടായിരുന്നു. മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കത്തിനൊടുവില്‍ മണിച്ചനേയും ഹരിയേയും ആക്രമിച്ച ശേഷം പ്രതികൾ ഓടി രക്ഷപ്പെടുകയായിരുന്നു. 2011ലെ ഇരട്ടക്കൊലപാതകവുമായി സംഭവത്തിനു ബന്ധമുണ്ടോയെന്ന് വ്യക്തമല്ലെന്നും ഇക്കാര്യം പരിശോധിക്കുകയാണെന്നും പോലീസ് പറയുന്നു.