കൊൽക്കത്ത: മണിപ്പൂർ സംഘർഷത്തിൽ ഇന്ത്യ ആവശ്യപ്പെടുകയാണെങ്കിൽ സഹായിക്കാൻ യുഎസ് തയ്യാറാണെന്ന് ഇന്ത്യയിലെ യുഎസ് അംബാസിഡർ എറിക് ഗാർസെറ്റി. മണിപ്പൂർ സംഘർഷം ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന് അറിയാമെന്നും, എത്രയും വേഗം സമാധാനം പുനസ്ഥാപിക്കാൻ പ്രാർത്ഥിക്കുന്നുവെന്നും യുഎസ് അംബാസിഡർ പറഞ്ഞു. സമാധാനം നിലനിൽക്കുകയാണെങ്കിൽ കൂടുതൽ സഹകരണവും കൂടുതൽ പദ്ധതികളും കൂടുതൽ നിക്ഷേപവും കൊണ്ടുവരാൻ കഴിയുമെന്നും എറിക് ഗാർസെറ്റി പറഞ്ഞു.
കൊൽക്കത്തയിലെ വാർത്താ സമ്മേളനത്തിൽ പങ്കെടുക്കുമ്പോഴാണ് അദ്ദേഹത്തിൻ്റെ പ്രതികരണം. ഇന്ത്യയുടെ കിഴക്കും, വടക്കു കിഴക്കും, അവിടുത്തെ ജനങ്ങളും അവരുടെ ഭാവിയും സാധ്യതകളും യുഎസിന് പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, മണിപ്പൂർ വെസ്റ്റിലെ സ്‌കൂളിന് മുന്നിൽ വെടിയേറ്റ് കൊല്ലപ്പെട്ട സ്ത്രീയെ തിരിച്ചറിഞ്ഞു. കുകി വിഭാഗത്തിൽ പെട്ട,ഹാങ്‌സോ ഡെബോറ ഡോൺഗൈച്ചിംഗ് എന്ന 62 കാരിയാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.