ഇംഫാൽ∙ മണിപ്പുരിൽ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തി ബലാൽസംഗം ചെയ്ത സംഭവത്തിൽ മണിപ്പുർ പൊലീസ് സ്ത്രീകളുടെ മൊഴി രേഖപ്പെടുത്തുന്നത് ആരംഭിച്ചു. വനിതാ ഉദ്യോഗസ്ഥരടങ്ങിയ സംഘമാണ് സ്ത്രീകളെ കണ്ട് മൊഴിയെടുത്തത്. ഇവരുടെ ബന്ധുക്കളിൽനിന്നും മൊഴിയെടുത്തിട്ടുണ്ട്. ഈ സംഭവത്തിൽ ദൃക്സാക്ഷിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. മേയ് നാലിനാണ് കലാപവുമായി ബന്ധപ്പെട്ട് സ്ത്രീകളെ നഗ്നരാക്കി നടത്തി ബലാൽസംഗം ചെയ്തത്. കാങ്‌പോക്പി ജില്ലയിലെ ബിപൈന്യം ഗ്രാമത്തിലെ 2 കുക്കി സ്ത്രീകളാണ് ക്രൂരതയ്‌ക്ക് ഇരയായത്. സംഭവത്തിന്റെ ദൃശ്യങ്ങൾ ജൂലൈ 19നാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. ഈ സംഭവത്തിന്റെ അന്വേഷണം സിബിഐയ്‌ക്ക് കൈമാറിയിട്ടുണ്ട്. ഇതുവരെ 7 പേർ അറസ്റ്റിലായി.സംഭവത്തിന്റെ വീഡിയോ പുറത്ത് വിട്ടത് കേന്ദ്ര സർക്കാരിനെ അപകീർത്തിപ്പെടുത്താനുള്ള ഗൂഢാലോചനയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രതികരിച്ചിരുന്നു. അന്വേഷണം സിബിഐയ്‌ക്ക് കൈമാറിയതിന് പിന്നാലെയാണ് അമിത് ഷായുടെ പരാമർശം. മണിപ്പുരിലെ വംശീയ കലാപവുമായി ബന്ധപ്പെട്ട ആറ് കേസുകൾ സിബിഐയ്‌ക്കും മൂന്ന് കേസുകൾ ദേശീയ അന്വേഷണ ഏജൻസിക്കുമാണ് കൈമാറിയിട്ടുള്ളത്.