ഇംഫാൽ∙ മണിപ്പൂരിലെ പ്രശ്നപരിഹാരത്തിനായി അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് അടക്കം 10 പ്രതിപക്ഷ പാർട്ടികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തയച്ചു. സംഘർഷത്തിൽ 110 പേർ കൊല്ലപ്പെടുകയും നിരവധിപേർ സംസ്ഥാനം വിട്ടുപോവുകയും ചെയ്ത സാഹചര്യത്തിലാണു സമാധാനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു പ്രതിപക്ഷ പാർട്ടികൾ പ്രധാനമന്ത്രിക്ക് കത്തയച്ചത്.
ഭിന്നിപ്പിച്ചു ഭരിക്കുന്നതാണു ബിജെപിയുടെ രാഷ്ട്രീയ നീക്കമെന്നും മണിപ്പൂരിലെ അക്രമങ്ങൾ നിയന്ത്രിക്കുന്നതിൽ കേന്ദ്ര–സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടെന്നും പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു. ഇപ്പോൾ നടക്കുന്ന വംശീയ അതിക്രമത്തിന്റെ സൂത്രധാരൻ മണിപ്പൂർ മുഖ്യമന്ത്രി എൻ. ബിരെൻ സിങ്ങാണ്. അദ്ദേഹം ഉചിതനടപടികൾ സ്വീകരിച്ചിരുന്നെങ്കിൽ അക്രമങ്ങൾ ഒഴിവാക്കാമായിരുന്നു എന്നും പ്രതിപക്ഷ പാർട്ടികൾ കുറ്റപ്പെടുത്തി.
പ്രധാനമന്ത്രിയുടെ മൗനത്തെ വിമർശിച്ച കത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷായുടെ മണിപ്പൂർ സന്ദർശനം കൊണ്ടു യാതൊരു പ്രയോജനവും ഉണ്ടായിട്ടില്ലെന്നും വ്യക്തമാക്കുന്നു. പ്രദേശത്തെ വെടിവയ്പ്പ് ഉടൻ അവസാനിപ്പിച്ച് സായുധ സംഘങ്ങളുടെ നിരായുധീകരണം നടപ്പാക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.
മണിപ്പുരിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പുവരുത്തണം. കുക്കി വംശജർക്ക് പ്രത്യേക ഭരണം വേണമെന്ന ആവശ്യത്തിനു എതിരാണെന്നും പ്രതിപക്ഷ പാർട്ടികൾ വ്യക്തമാക്കി. അക്രമണത്തിനിരയായ ജനങ്ങളുടെ പുനരധിവാസം കേന്ദ്രം ഉറപ്പു വരുത്തണമെന്നും അവർ ആവശ്യപ്പെട്ടു. മണിപ്പൂർ – മ്യാൻമർ അതിർത്തിയിൽ കൂടുതൽ ജാഗ്രത ആവശ്യമാണ്. അനധികൃത കുടിയേറ്റക്കാരെ തടയുന്നതിനുള്ള ശക്തമായ നീക്കം സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകണമെന്നും പ്രതിപക്ഷം ആവശ്യമുന്നയിച്ചു.