ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച തുടര്‍ന്ന് കുക്കി സംഘടന നേതാക്കള്‍. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മണിപ്പൂരിലെ ഗോത്ര നേതാക്കളുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച്ച നടത്തും. ഇന്റിജീനിയസ് ട്രൈബല്‍ ലീഡേഴ്‌സ് ഫോറത്തിന്റെ നേതൃത്വത്തില്‍ കുക്കി നേതാക്കളാണ് അമിത് ഷായുമായി പ്രത്യേകം ചര്‍ച്ച നടത്തുക. പുതിയ സംഘര്‍ഷങ്ങളുടെ സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ തുടര്‍ ചര്‍ച്ചകളുമായി രംഗത്തെത്തിയത്. അമിത് ഷാ മുന്‍കൈയെടുത്ത് നടത്തുന്ന ചര്‍ച്ചകള്‍ക്ക് സൗകര്യം ഒരുക്കുന്നത് മിസോറാം മുഖ്യമന്ത്രി സോറംതംഗയാണ്. കഴിഞ്ഞ രണ്ട് ദിവസമായി ഡല്‍ഹിയില്‍ തുടരുന്ന കുക്കി സംഘടനാ നേതാക്കള്‍ കേന്ദ്ര സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നു.
കുക്കികളുടെ സുരക്ഷയ്ക്കായി എല്ലാ മലയോര ജില്ലകളിലെയും മെയ്‌തേയ് സംസ്ഥാന പൊലീസ് വിന്യാസം ഒഴിവാക്കുക, ഇംഫാലിലെ കുക്കി ജയില്‍ തടവുകാരെ സുരക്ഷ മുന്‍നിര്‍ത്തി മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറ്റുക, മണിപ്പൂരില്‍ പ്രത്യേക ഭരണകൂടം ഉള്‍പ്പെടെയുള്ള ആവശ്യങ്ങളാണ് സംഘടന മുന്നോട്ട് വെച്ചത്. വിഷയങ്ങളെല്ലാം കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്യും. അതിനിടെ സംഘര്‍ഷം തുടരുന്ന മണിപ്പൂരില്‍ അസം റൈഫിള്‍സിനെതിരെ പൊലീസ് കേസെടുത്തു. കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തിയെന്ന് ആരോപിച്ചാണ് കേസ്. ഓഗസ്റ്റ് അഞ്ചിന് ബിഷ്ണുപൂരിലെ ക്വാക്തയില്‍ മൂന്ന് പേരെ കൊലപ്പെടുത്തിയ അക്രമികളെ പിന്തുടരുന്നത് അസം റൈഫിള്‍സ് തടസ്സപ്പെടുത്തിയെന്നാണ് പൊലീസിന്റെ ആരോപണം.
മണിപ്പൂര്‍ വിഷയത്തില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തില്‍ ഇന്നും ചര്‍ച്ച തുടരും. രാഹുല്‍ ഗാന്ധി ഇന്ന് അവിശ്വാസ പ്രമേയത്തില്‍ സംസാരിച്ചേക്കും.