ദില്ലി: അവിശ്വാസ പ്രമേയ ചർച്ച വൈകുന്ന സാഹചര്യത്തിൽ മണിപ്പൂർ വിഷയത്തിൽ ഇന്നും പ്രതിപക്ഷ പാർട്ടികൾ പാർലമെന്റിൽ അടിയന്തര പ്രമേയ അവതരണാനുമതി തേടും. പ്രതിപക്ഷ കൂട്ടായ്മയായ ‘ഇന്ത്യ’ മണിപ്പൂർ സന്ദർശിച്ച് കഴിഞ്ഞ ദിവസങ്ങളിൽ വിവര ശേഖരണം നടത്തിയിരുന്നു. സന്ദർശന മധ്യേ ലഭ്യമായ വിവരങ്ങൾ അടക്കം ഉയർത്തിയാകും അടിയന്തിര പ്രമേയ ആവശ്യം.
മറ്റ് അജണ്ടകൾ സസ്പെൻഡ് ചെയ്ത് മണിപ്പൂർ വിഷയത്തിൽ അടിയന്തിര ഇടപെടൽ നടത്തണമെന്ന ആവശ്യമാണ് നോട്ടീസിൽ പ്രതിപക്ഷ പാർട്ടികൾ ഉന്നയിക്കുക. മണിപ്പുരിലെ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസം നിഷേധിയ്ക്കപ്പെടുകയാണെന്ന് ആരോപിച്ച് സി.പി.ഐ.എം അംഗം എ.എ റഹിം രാജ്യസഭയിൽ ശ്രദ്ധ ക്ഷണിയ്ക്കൽ പ്രമേയവും അവതരിപ്പിക്കും . മണിപ്പൂർ വിഷയം മുൻ നിർത്തി കോൺഗ്രസ് അംഗം കെ.സി വേണുഗോപാൽ രാജ്യത്തെ സ്ത്രി സുരക്ഷ അപകടത്തിലാണെന്ന് ആരോപിച്ച് നല്കിയ പ്രമേയവും ഇന്ന് രാജ്യസഭയുടെ പരിഗണനയ്ക്ക് എത്തും.
അതേസമയം മണിപ്പുരിൽ സ്ത്രീകളെ നഗ്‌നരാക്കി നടത്തുകയും ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും ചെയ്ത മെയ് നാലിലെ സംഭവുമായി ബന്ധപ്പെട്ട വിഷയം സുപ്രിംകോടതി ഇന്ന് പരിഗണിക്കും. പാർലമെന്റിന്റെ വർഷകാല സമ്മേളനം തുടങ്ങുന്നതിന് തൊട്ടുമുൻപ് പുറത്തെത്തിയത് പ്രഥമദൃഷ്ട്യാ നരേന്ദ്ര മോദി സർക്കാരിനെ അപകീർത്തിപ്പെടുത്താനുള്ള ഗൂഢാലോചനയാണെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം സി.ബി.ഐയ്ക്ക് കൈമാറിയതിന് പിന്നാലെയായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പ്രതികരണം.
ഇതേ നിലപാട് സുപ്രിംകോടതിയിൽ ഇന്ന് വ്യക്തമാക്കുന്ന കേന്ദ്രസർക്കാർ കേസിന്റെ വിചാരണ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റണമെന്ന് സുപ്രിംകോടതിയിൽ ആവശ്യപ്പെടും. ജൂലൈ 20 ന് വീഡിയോ പുറത്ത് വന്നതിന് പിന്നാലെ വിഷയത്തിൽ സ്വമേധയാ സുപ്രിംകോടതി ഇടപെടുകയായിരുന്നു. മണിപ്പൂർ വിഷയവുമായ് ബന്ധപ്പെട്ട ഒരു കൂട്ടം മറ്റ് ഹർജ്ജികളും സുപ്രികോടതി ഇന്ന് പരിഗണിക്കുന്നുണ്ട്.