ഇംഫാൽ: മണിപ്പൂരിൽ കുക്കി വനിതകളെ നഗ്നരാക്കി ആൾക്കൂട്ടത്തിന് നടുവിലൂടെ നടത്തിക്കുകയും ഒരാളെ കൂട്ട ബലാത്സംഗത്തിനിരയാക്കുകയും ചെയ്ത സംഭവത്തിൽ അന്വേഷണം ഏറ്റെടുത്ത് സി.ബി.ഐ. മേയ് നാലിന് നടന്ന സംഭവത്തിന്‍റെ വിഡിയോ ജൂലൈ 19ന് സമൂഹ മാധ്യമങ്ങളിലെത്തിയതോടെയാണ് വിവരം പുറംലോകമറിഞ്ഞിരുന്നത്. കൂട്ട മാനഭംഗത്തിനിരയായ സ്ത്രീയുടെ കുടുംബത്തിലെ രണ്ട് പുരുഷന്മാർ അതേ ദിവസം വധിക്കപ്പെടുകയും ചെയ്തിരുന്നു. രാജ്യം മുഴുക്കെ കടുത്ത രോഷമുണർത്തിയ സംഭവത്തിൽ അറസ്റ്റുകൾ നടന്നതിനു പിന്നാലെയാണ് കേന്ദ്രസർക്കാർ നിർദേശപ്രകാരം സി.ബി.ഐ ഏറ്റെടുക്കുന്നത്. പ്രാഥമിക അന്വേഷണ റിപ്പോർട്ട് വീണ്ടും രജിസ്റ്റർ ചെയ്തതായി സി.ബി.ഐ അറിയിച്ചു.അന്വേഷണം സി.ബി.ഐയെ ഏൽപിച്ചതായി സുപ്രീംകോടതിയിൽ കേന്ദ്രം നൽകിയ സത്യവാങ്മൂലത്തിൽ അറിയിച്ചു. നഗ്നരായി നടത്തിയതിനൊടുവിൽ കൂട്ടബലാത്സംഗം നടത്തുന്ന വിഡിയോ പുറത്തുവന്നതോടെയാണ് രണ്ടു മാസത്തെ മൗനം വെടിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി മണിപ്പൂർ വിഷയത്തിൽ പ്രതികരിച്ചത്.