ദില്ലി: മണിപ്പൂര്‍ സന്ദര്‍ശനത്തിന്റെ രണ്ടാംദിവസം ഗവര്‍ണര്‍ അനുസൂയ ഉയ്‌കേയുമായി കൂടിക്കാഴ്ച നടത്തി പ്രതിപക്ഷസഖ്യം ‘ഇന്ത്യ’യുടെ പ്രതിനിധികള്‍. രാജ്ഭവനില്‍ നടന്ന കൂടിക്കാഴ്ചയില്‍ പ്രതിപക്ഷ എംപിമാര്‍ ചേര്‍ന്ന് ഗവര്‍ണര്‍ക്ക് നിവേദനം കൈമാറി. വിവിധപ്രദേശങ്ങളും അഭയാര്‍ഥി ക്യാമ്പുകളും സന്ദര്‍ശിച്ചതിന്റെ വിശദാംശങ്ങള്‍ പ്രതിപക്ഷ എംപിമാര്‍ ഗവര്‍ണറെ ധരിപ്പിച്ചു. സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാനുള്ള ഇടപെടലുകളുണ്ടാകണമെന്നും പ്രതിപക്ഷ പ്രതിനിധികള്‍ ഗവര്‍ണറോട് ആവശ്യപ്പെട്ടു.
മെയ് മൂന്നുമുതല്‍ സംസ്ഥാനത്ത് നിലനില്‍ക്കുന്ന ക്രമസമാധാന തകര്‍ച്ചയുടെ വിശദാംശങ്ങള്‍ കേന്ദ്രസര്‍ക്കാരിനെ ?ഗവര്‍ണര്‍ അറിയിക്കണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെടുന്നു. വിഷത്തില്‍ പ്രധാനമന്ത്രിയുടേത് ലജ്ജാകരവും ധിക്കാരപരവുമായ നിസ്സംഗതയാണെന്നും പ്രതിപക്ഷം നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു. 140ലേറെ മരണം, 500ലേറെ പേര്‍ക്ക് പരുക്ക്, 5000ത്തിലധികം വീടുകളുടെ നാശം, 60,000ത്തിലധികം ആളുകള്‍ക്ക് ദുരിതാശ്വാസ ക്യാമ്പുകളെ ആശ്രയിക്കേണ്ടി വന്ന സാഹചര്യം എന്നിവയെല്ലാം കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടെ പരാജയമാണെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഭരണപക്ഷവും പ്രതിപക്ഷവും യോജിപ്പിലെത്തി ഒരു സര്‍വകക്ഷി സംഘത്തെ സംസ്ഥാനം സന്ദര്‍ശിക്കാന്‍ അയയ്ക്കണമെന്ന നിര്‍ദേശം ഗവര്‍ണര്‍ മുന്നോട്ടുവച്ചതായി കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷിനേതാവ് അധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.