ചെങ്ങന്നൂര്‍ കല്ലിശ്ശേരി പള്ളിയിലെ മോഷണക്കേസില്‍ മുഖ്യ പ്രതി അറസ്റ്റില്‍. തിരുവല്ല തിരുമൂലപുരം മംഗലശ്ശേരി കോളനിയില്‍ മണിയന്‍ ആണ് അറസ്റ്റിലായത്. ചെങ്ങന്നൂര്‍ കല്ലിശ്ശേരി സെന്റ് മേരീസ് ക്‌നാനായ വലിയപള്ളിയില്‍ കഴിഞ്ഞ ഒക്ടോബര്‍ 4ന് പുലര്‍ച്ചെയാണ് മോഷണം നടന്നത്. കാണിക്ക വഞ്ചി കുത്തിതുറന്ന് 10,000ത്തോളം രൂപ മോഷ്ടിക്കുകയായിരുന്നു. പള്ളിയുടെ വാതില്‍ കുത്തിതുറന്നാണ് പ്രതി അകത്തു കടന്നത്. പള്ളിയുടെ മുന്നിലുള്ള സിസിടിവി ക്യാമറ രണ്ട് പേര്‍ തുണികൊണ്ട് മറക്കുന്നത് ദൃശ്യങ്ങളില്‍ കണ്ടിരുന്നു.
ഇതാണ് പ്രതികളെ കുറിച്ച് സൂചന നല്കിയത്. ആലപ്പുഴ നിന്നെത്തിയ വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് തിരുവല്ല തിരുമൂലപുരം മംഗലശ്ശേരി കോളനിയില്‍ മണിയനെ അറസ്റ്റ് ചെയ്തത്. കേസിലെ മുഖ്യ പ്രതിയായ മണിയന്‍ നാലു മാസം മുന്പ് ജയില്‍ ശിക്ഷ കഴിഞ്ഞ് ഇറങ്ങിയെങ്കിലും വീട്ടിലെത്തിയിരുന്നില്ല. ഇതിനിടെ ഇയാള്‍ മറ്റൊരു മോഷണക്കേസില്‍ ചങ്ങനാശ്ശേരി പൊലീസിന്റെ പിടിയിലായിരുന്നു. ചെങ്ങന്നൂര്‍ പൊലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളുടെ സഹായിയെ കുറിച്ചും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ഒക്ടോബർ 13ന് കായംകുളത്ത് സെൻറ് ബേസിൽ മലങ്കര സിറിയൻ കാത്തലിക് ചർച്ച്, സമീപത്തെ ഗവൺമെൻറ് എൽ പി സ്കൂൾ, ഗവൺമെൻറ് യുപി സ്കൂൾ, ഗവൺമെൻറ് ബോയ്സ് ഹൈസ്കൂൾ എന്നിവിടങ്ങളിലായി മോഷണം നടത്തിയ പ്രതിയെ പൊലീസ് കണ്ടെത്തിയിരുന്നു. കുപ്രസിദ്ധ മോഷ്ടാവ് തമിഴ്നാട് കിള്ളിയൂര്‍ പുല്ലുവിള പുതുവല്‍ പുത്തന്‍വീട്ടില്‍ ശെല്‍വരാജ് എന്ന 43കാരനാണ് അറസ്റ്റിലായത്.
പള്ളിയുടെ വാതിലിന്റെ പാളി പൊളിച്ച് അകത്തുകയറി വഞ്ചികുറ്റിയിൽ നിന്നും 3000 രൂപയുടെ നാണയങ്ങളും നോട്ടുകളും മോഷ്ടിച്ച ഇയാള്‍ അന്നേ ദിവസം തന്നെ കായംകുളം ഗവൺമെന്റ് യു പി സ്കൂളിലെ ഓഫീസ് കെട്ടിടത്തിന്റെ ഓടാമ്പൽ തകർത്ത് അകത്ത് കയറി അലമാരയിൽ സൂക്ഷിച്ചിരുന്ന 19,690 രൂപയും, 7500 രൂപ വീതം വില വരുന്ന രണ്ട് മൊബൈൽ ഫോണുകളുമാണ് ഇയാള്‍ കവർന്നത്.