കാസർകോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഹാജരാകണമെന്ന് കോടതി. മുഴുവൻ പ്രതികളോടും ഹാജരാകാൻ കോടതി നിർദ്ദേശിച്ചിട്ടുണ്ട്. വിടുതൽ ഹർജി ഈ മാസം 25 ന് പരിഗണിക്കും. നാല് തവണയും കേസ് പരിഗണിച്ചപ്പോൾ കെ സുരേന്ദരൻ അടക്കമുള്ള പ്രതികൾ ആരും തന്നെ കോടതിയിൽ ഹാജരായിരുന്നില്ല. കഴിഞ്ഞ പ്രാവശ്യം ഇത്തരത്തിൽ ഹാജരാകാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ചപ്പോൾ തങ്ങൾ വിടുതൽ ഹർജി നൽകുകയാണ്, അതുകൊണ്ടാണ് ഹാജരാകാത്തത് എന്നായിരുന്നു പ്രതികളുടെ അഭിഭാഷകർ കോടതിയോട് വ്യക്തമാക്കിയത്. കഴിഞ്ഞ നാലാം തീയതി വിടുതൽ ഹർജിയുമായി ബന്ധപ്പെട്ട് വാദം നടന്നിരുന്നു. അതിലാണിപ്പോൾ കോടതി വിധി പ്രഖ്യാപിച്ചിരിക്കുന്നത്.
സുരേന്ദ്രൻ അടക്കമുള്ള 6 പ്രതികളും അടുത്ത തവണ കോടതി കേസ് പരിഗണിക്കുമ്പോൾ ഹജരാകണമെന്നാണ് ഇപ്പോൾ കോടതി നിർദ്ദേശിച്ചിരിക്കുന്നത്. ഈ മാസം 25നാണ് വിടുതൽ ഹർജി കോടതി പരിഗണിക്കുക. വാദം കേട്ടതിന് ശേഷമായിരിക്കും ഈ കേസ് ഒഴിവാക്കണമോ എന്ന കാര്യത്തിൽ കോടതി തീരുമാനമെടുക്കുക. കേസ് അനധികൃതമായി കെട്ടിച്ചമച്ചതാണ്, അതുകൊണ്ട് തന്നെ ഇത് ഒഴിവാക്കണമെന്നാണ് സുരേന്ദ്രന്റെയും മറ്റ് പ്രതികളുടെയും അഭിഭാഷകർ വാദിക്കുന്നത്. 25 ന് വാദം കേട്ടതിന് ശേഷമായിരിക്കും മഞ്ചേശ്വരം കോഴക്കേസിന്റെ തുടർനടപടികളിലേക്ക് കോടതി കടക്കുക.