കോഴിക്കോട് : തിരഞ്ഞെടുപ്പ് തോല്‍വിയും നേതൃമാറ്റവും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇന്നത്തെ പ്രവര്‍ത്തകസമിതി യോഗത്തില്‍ ചര്‍ച്ചയാകും. തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളുടെ ചുമതല വഹിച്ച ജനറല്‍ സെക്രട്ടറിമാര്‍ പരാജയത്തിന്റെ കാരണങ്ങള്‍ യോഗത്തില്‍ വിശദീകരിക്കും. അവരുടെ റിപ്പോര്‍ട്ട് യോഗം വിശദമായി ചര്‍ച്ചചെയ്യും. ഇതിനുശേഷം പരാജയത്തിന്റെ ഉത്തരവാദിത്വം ആരെങ്കിലും ഏറ്റെടുക്കേണ്ടതുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളില്‍ ചര്‍ച്ചനടക്കും. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനെതിരേ വലിയ ചോദ്യങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ സെപ്റ്റംബറില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സംഘടനാ തിരഞ്ഞെടുപ്പ് നേരത്തെയാക്കിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
സ്ഥിരം അധ്യക്ഷനില്ലാതെ ഇനിയും മുന്നോട്ടുപോകുന്നത് ശരിയല്ലെന്ന കടുത്ത വിമര്‍ശനവും പാര്‍ട്ടിക്കുള്ളില്‍നിന്ന് ശക്തമായി ഉയരുന്നുണ്ട്. ഗാന്ധി കുടുംബത്തിന് പുറത്തുനിന്ന് ഒരാള്‍ അധ്യക്ഷനാകേണ്ട കാര്യമുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയ്ക്ക് വന്നേക്കും. ദേശീയ നേതൃത്വത്തിനെതിരേയുള്ള വിമര്‍ശനങ്ങള്‍ സംബന്ധിച്ചും രൂക്ഷമായ വാദപ്രതിവാദങ്ങള്‍ പ്രവര്‍ത്തക സമിതിയില്‍ ഉണ്ടായേക്കും.സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെതിരേയും പാര്‍ട്ടിക്കുള്ളില്‍ പടയൊരുക്കം നടക്കുന്നുണ്ട്. ഗുലാം നബി ആസാദിന്റെ വസതിയില്‍ കഴിഞ്ഞ ദിവസം രാത്രി ചേര്‍ന്ന ജി23 നേതാക്കളുടെ യോഗത്തില്‍ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ച നടന്നിരുന്നു. നിലവില്‍ ഗാന്ധി കുടുംബം മുന്നോട്ടുവയ്ക്കുന്ന ഫോര്‍മുലകള്‍ അംഗീകരിക്കേണ്ടതില്ലെന്നാണ് അവര്‍ വ്യക്തമാക്കുന്നത്. എല്ലാ ഭാരവാഹികളേയും തിരഞ്ഞെടുപ്പിലൂടെ കണ്ടെത്തണം എന്നതടക്കമുള്ള കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കാനും ജി 23 നേതാക്കള്‍ തീരുമാനമെടുത്തിട്ടുണ്ട്.
തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിലും വലിയ തിരിച്ചടിയാണ് കോണ്‍ഗ്രസിനുണ്ടായത്. പഞ്ചാബില്‍ ഭരണം നഷ്ടമായ കോണ്‍ഗ്രസ് ഉത്തര്‍പ്രദേശില്‍ തകര്‍ന്നടിയുകയും ചെയ്തിരുന്നു. യുപിയിലെ 399 സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് കെട്ടിവച്ച കാശുപോലും നഷ്ടമായി. കേവലം 2.4 ശതമാനം വോട്ടുമാത്രമാണ് പാര്‍ട്ടിക്ക് ലഭിച്ചത്. ഉത്തരാഖണ്ഡിലും മണിപ്പൂരിലും ഗോവയിലും പാര്‍ട്ടി നാമാവശേഷമായി മാറുകയും ചെയ്തു.തിരഞ്ഞെടുപ്പുകളില്‍ അഭിമുഖീകരിക്കേണ്ടിവന്ന കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തില്‍ സോണിയാ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സ്ഥാനങ്ങള്‍ രാജിവെച്ചേക്കുമെന്നും കഴിഞ്ഞ ദിവസം ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേസമയം കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല ഈ വാര്‍ത്തകള്‍ തള്ളി രംഗത്തെത്തിയിരുന്നു.