പാലക്കാട് : മണ്ണാർക്കാട് കാഞ്ഞിരപ്പുഴയിൽ രണ്ട് എപി സുന്നി പ്രവർത്തകരെ കൊന്ന കേസിൽ പ്രതികൾ കുറ്റക്കാർ. പാലക്കാട് ഫാസ്റ്റ്ട്രാക്ക് കോടതിയാണ് പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. മറ്റന്നാളാണ് ശിക്ഷ വിധിക്കുക. 2013 നവംബർ 20 നാണ് മാരകായുധങ്ങളുമായി എത്തിയ സംഘം സഹോദരങ്ങളെ വെട്ടിക്കൊന്നത്. കല്ലാംകുഴി പള്ളത്ത് വീട്ടിൽ കുഞ്ഞു ഹംസ, നൂറുദ്ധീൻ എന്നിവരാണ് കൊല്ലപ്പെട്ടത്. 25 പേരാണ് പ്രതികൾ. ഇവർ ലീഗ് പ്രവർത്തകരോ, പാർട്ടിയുമായി അടുപ്പം ഉള്ളവരോ ആണ്. കേസിൽ ആകെ 90 സാക്ഷികളെ വിസ്തരിച്ചു. കാഞ്ഞിരപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ആയിരുന്ന ചോലാട്ടിൽ സിദീഖ് ആണ് ഒന്നാം പ്രതി. പള്ളിയിൽ പിരിവ് നടത്തിയതുമായി ബന്ധപ്പെട്ട തർക്കം ആണ് കൊലയിൽ കലാശിച്ചത്. ആക്രമണത്തിൽ മറ്റൊരു സഹോദരൻ കുഞ്ഞുമുഹമ്മദിനു പരിക്കേറ്റിരുന്നു.