കൊച്ചി : കുഴികൾ നിറഞ്ഞ് വിവാദമായ മണ്ണുത്തി-ഇടപ്പള്ളി പാതയിൽ അറ്റകുറ്റപണികൾക്കുള്ള കരാർ ഇ കെ കെ ഗ്രൂപ്പിന്.വീഴ്ച വരുത്തിയ നിലവിലെ കരാറുകാരുടെ പ്രമോട്ടർ സ്ഥാപമായ കെ എം സി ഗ്രൂപ്പ് ടെൻഡറിൽ പങ്കെടുത്തെങ്കിലും ദേശീയപാത അതോറിറ്റി ഒഴിവാക്കി.ഐ ഐ ടി സംഘത്തിന്‍റെ വിശദമായ പരിശോധന ഉടൻ തുടങ്ങും.
മണ്ണുത്തി -ഇടപള്ളി പാതയിൽ നിലവിലെ കരാറുകാരായ ഗുരുവായൂർ ഇൻഫ്രാസട്രക്ചർ പ്രൈവറ്റ് ലിമിറ്റഡിന്‍റെ ഭാഗത്ത് ഉണ്ടായത് ഗുരുതര വീഴ്ചകളായിരുന്നു. നിർമ്മാണം പൂർത്തിയാക്കിയ റോഡിൽ ആയിരക്കണക്കിന് കുഴികൾ നിറഞ്ഞു എന്ന മാത്രമല്ല കരാർ അനുസരിച്ചുള്ള വ്യവസ്ഥകളും പാലിച്ചില്ല.ചാലക്കുടി അണ്ടർപാസിന്‍റെ നിർമ്മാണവും,24കിലോമീറ്റർ റോഡിന്‍റെ ടാറിംഗും സമയബന്ധിതമായി പൂർത്തിയാക്കുന്നതിൽ വീഴ്ച വരുത്തി.ഇതോടെയാണ് ഇത് പൂർത്തിയാക്കാൻ ദേശീയ പാത അതോരിറ്റി ടെൻഡർ വിളിച്ചത്
മൂന്ന് കമ്പനികളാണ് ടെൻഡറിൽ പങ്കെടുത്തത്.ഇതിൽ ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡിന്‍റെ പ്രമോട്ടർമാരായ കെ എം സി ഗ്രൂപ്പും പങ്കെടുത്തു. ജി ഐ പി എൽ വീഴ്ചകൾ ദേശീയപാത അതോറിറ്റിക്കും നാണക്കേടായതോടെ ആദ്യ ഘട്ടമായ ടെക്നിക്കൽ പരിശോധനയിൽ തന്നെ ഇവരെ തള്ളി.
ഫിനാൻഷ്യൽ ബിഡിൽ രണ്ട് കമ്പനികളാണ് പങ്കെടുത്തത്.ഇതിൽ ഏറ്റവും കുറഞ്ഞ തുക അറിയിച്ചത് ഇ കെ കെ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡാണ്. മുടങ്ങിയ നിർമ്മാണങ്ങൾക്കും കുഴിയടക്കാനും നികുതി ഉൾപ്പടെ 60 കോടി രൂപയാണ് ദേശീയ പാത അതോറിറ്റി നിശ്ചയിച്ചത്. ഇതിൽ ഇരുപത്തിയഞ്ച് ശതമാനം പിഴയായി ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡിൽ നിന്നും ഈടാക്കും.എന്ത് കൊണ്ട് കുഴികൾ നിറയുന്നു എന്ന് പഠിക്കാൻ ഐ ഐ ടി സംഘം പ്രാരംഭ നടപടികൾ തുടങ്ങി.ദേശീയ പാത അതോറിറ്റിയുമായി ഫീസ് അടക്കം നിശ്ചയിച്ച ശേഷം റോഡ് തുരന്നുള്ള സാമ്പിൾ പരിശോധനയിലേക്ക് ഐ ഐ ടി സംഘം കടക്കും.