തൃശൂർ: മണ്ണുത്തി – വടക്കാഞ്ചേരി ദേശീയപാതയിൽ അശാസ്ത്രീയ യു ടേൺ മൂലം അപകടങ്ങൾ ആവർത്തിക്കുന്നു. ചെമ്പൂത്ര പെട്രോൾ പമ്പിന് സമീപം ദേശീയപാത അധികൃതർ അപകടകരമായ യു ടേൺ അശാസ്ത്രീയമായി തുറന്നു നൽകിയതാണ് നിരന്തര അപകടങ്ങൾക്ക് കാരണം. കഴിഞ്ഞ ദിവസം ബൈക്കുകൾ തമ്മിലിടിച്ച് യാത്രക്കാർക്ക് ഗുരുതര പരിക്കേറ്റിരുന്നു.
അപകട ശേഷം ദേശീയപാത അതോറിറ്റിയുടെ എമർജൻസി 1033 കാൾ സർവിസ് യൂനിറ്റ് വാഹനത്തിൽ വന്നവർ റിബൺ കെട്ടി താൽക്കാലിക യു ടേൺ അടക്കുകയും ചെയ്തു. ഇത് ഫോട്ടോ എടുക്കാൻ എത്തിയവരുടെ മൊബൈൽ ഫോൺ കാമറ ലെൻസിലേക്ക് ടോർച്ചടിച്ച് തടസ്സം സൃഷ്ടിക്കാനും ശ്രമിച്ചതായി നേർവഴി പ്രവർത്തകർ ആരോപിച്ചു. ദേശീയപാത അധികൃതരുടെ അപകടകരമായ റോഡ് പരിപാലനം മൂലമാണ് അപകടങ്ങളുണ്ടായതെന്ന് തൃശൂർ കാഴ്ച അസോസിയേഷൻ ഡയറക്ടർ പി.ബി. സതീഷ് പറഞ്ഞു. നേരത്തേ സതീഷ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മണ്ണുത്തി മുതൽ വടക്കാഞ്ചേരി വരെ അപകടകരമായ യു ടേണുകൾ ദേശീയപാത അതോറിറ്റി അടച്ചിരുന്നു.