ദില്ലി : ഗോവയിലെ ബിജെപി സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. ബിജെപി മുഖ്യമന്ത്രി പ്രമോദ് സാവന്ത് സാക്ലിൻ മണ്ഡലത്തിൽ നിന്നും മത്സരിക്കും. മനോഹർ പരീക്കറിന്റെ മകന് ബിജെപി സീറ്റ് നൽകുമെന്ന് പ്രതീക്ഷിച്ചെങ്കിലും പട്ടികയിലില്ല. 34 അംഗ സ്ഥാനാർത്ഥികളുടെ ആദ്യ പട്ടികയാണ് ഭാരതീയ ജനതാ പാർട്ടി (ബിജെപി) ഇന്ന് പുറത്തിറക്കിയത്. മുൻ മുഖ്യമന്ത്രി മനോഹർ പരീക്കറുടെ മകൻ ഉത്പൽ മണ്ഡലത്തിൽ സ്ഥാനാർത്ഥിത്വം നിഷേധിച്ചതിനെ തുടർന്ന് ബാബുഷ് മോൺസെറേറ്റിന് പനാജിയുടെ സ്ഥാനാർത്ഥിത്വം ലഭിച്ചു.
ബിജെപിയുടെ 34 സ്ഥാനാർത്ഥികളുടെ പട്ടികയിൽ ന്യൂനപക്ഷ സമുദായത്തിൽ നിന്നുള്ള ഒമ്പത് സ്ഥാനാർത്ഥികളുണ്ട്. ആം ആദ്മി പാർട്ടി മുഖ്യമന്ത്രി സ്ഥനാർത്ഥിയായി പ്രഖ്യാപിച്ച അമിത് പലേക്കർ സാന്താക്രൂസ് മണ്ഡലത്തിൽ പ്രചരണം ആരംഭിച്ചു. ബിജെപിയും ആം ആദ്‌മി യും നേരിട്ടുള്ള മത്സരമാണ് ഗോവയിലേതെന്ന് അദ്ദേഹം പ്രതികരിച്ചിരുന്നു. ഗോവയിൽ കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ ഗോവയിൽ ഭരണവിരുദ്ധ വികാരം ശക്തമാണ്. മറ്റ് പാർട്ടികളുടെ വികസനമുരടിപ്പ് പ്രചരണായുധമാക്കുമെന്നും അമിത് പാലേക്കർ പറഞ്ഞു. നിയമസഭാ തെരെഞ്ഞെടുപ്പിൽ ഭണ്ഡാരി സമുദായത്തിൻ്റെ ആനുകൂല്യം ആം ആദ്‌മിക്ക് ലഭിക്കും. ഗോവയിൽ തൃണമൂൽ കോൺഗ്രസിന് സ്വാധീനമുണ്ടാക്കാൻ സാധിക്കില്ലെന്നും അമിത് പാലേക്കർ വ്യക്തമാക്കി. ഗോവ നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി അമിത് പാലേക്കറേ ഇന്നലെയാണ് ആം ആദ്‌മി (എഎപി) പ്രഖ്യാപിച്ചത്. എഎപി ദേശീയ അധ്യക്ഷനും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ ആണ് പ്രഖ്യാപനം നടത്തിയത്.