ദില്ലി: ഒളിംപിക്സ് മെഡൽ ജേതാവ് മനു ഭാക്കറിന്‍റെ പരിശീലകനും കോമൺവെൽത്ത് ഗെയിംസ് മെഡൽ ജേതാവുമായ സമരീഷ് ജംഗിന്‍റെ ദില്ലിയിലെ വീട് ഒഴിപ്പിക്കല്‍ ഭീഷണിയില്‍. കൈബർ പാസിൽ അനധികൃത കുടിയേറ്റമാരോപിച്ച് ലാന്‍റ് ആന്‍റ് ഡെവലപ്പ്മെന്‍റ് അതോറിറ്റിയാണ് മേഖലയിലെ സമരീഷ് ജംഗ് അടക്കമുള്ള നിരവധി വീട്ടുകാർക്ക് നോട്ടീസ് നല്‍കിയത്. നടപടിക്കെതിരെ സമരീഷ് നൽകിയ ഹർജി ദില്ലി ഹൈക്കാടതി തളളി. സമരീഷ് ജംഗ് ഉള്‍പ്പടെ നിരവധി പേരാണ് ഇവിടെ കുടിയിറക്കല്‍ ഭീഷണിയിലുള്ളത്.
സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം സമരീഷിന്റെ കുടുംബം താമസിച്ച് വരുന്ന വീട് പൊളിച്ച് മാറ്റാനുള്ള നോട്ടീസാണ് നൽകിയിരിക്കുന്നത്. വീട് പൊളിച്ച് മാറ്റാനുള്ള നോട്ടീസ് ലഭിച്ചതായി സമരീഷ് ജംഗ് സമൂഹമാധ്യമങ്ങളിൽ നേരത്തെ പ്രതികരിച്ചിരുന്നു. സമരീഷും 12അംഗ കുടുംബവുമായി ആയിരുന്നു ഇവിടെ താമസിച്ചിരുന്നത്. 75കാരിയായ അമ്മയ്ക്കൊപ്പം ദശാബ്ദങ്ങൾ പഴക്കമുള്ള വീട് ഒഴിയേണ്ട അവസ്ഥയിലാണുള്ളതെന്നാണ് സമരീഷ് ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചത്. 2006 കോമൺ വെൽത്ത് ഗെയിംസിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് അഞ്ച് മെഡലുകൾ സ്വന്തമാക്കിയ സമരീഷ് അർജുന അവാർഡ് ജേതാവ് കൂടിയാണ്.
ജൂലൈ 9ന് നൽകിയ ദില്ലി ഹൈക്കോടതി നോട്ടീസ് അനുസരിച്ച് ഈ മേഖല പ്രതിരോധ മന്ത്രാലയത്തിന്റെ സ്വന്തമാണ്. നോട്ടീസിനെതിരെ പ്രദേശവാസികൾ കോടതിയെ സമീപിച്ചെങ്കിലും വിധി അനുകൂലമായിരുന്നില്ല. ജൂലൈ 9 നടന്ന ഹിയറിംഗിൽ പ്രദേശവാസികൾക്ക് ഭൂമി സ്വന്തമാണെന്നതിന്റെ രേഖകൾ സമർപ്പിക്കാൻ സാധിച്ചിരുന്നില്ല. ഇതിനാൽ കോടതി ഇവരെ കയ്യേറ്റക്കാരാണെന്ന് വിശദമാക്കുകയായിരുന്നു. ഭവന, നഗരകാര്യ മന്ത്രാലയത്തിന് കീഴിൽ നിലവിലുള്ള ഭൂമി പൊതുവായ ആവശ്യങ്ങൾക്കായി വിനിയോഗിക്കാൻ കോടതി നിർദ്ദേശിക്കുകയായിരുന്നു. 250 വീടുകൾ ഇതിനേടകം മേഖലയിൽ പൊളിച്ച് നീക്കിയിട്ടുണ്ട്.