കണ്ണൂർ : ജില്ലയിൽ ഒന്നാം ഡോസ് വാക്സിനേഷൻ എടുക്കാത്തവർ ഇനിയുമുണ്ടെന്നും ഇവർ വാക്സീൻ സ്വീകരിക്കാൻ മുന്നോട്ടുവരണമെന്നും ഡിഎംഒ ഡോ.കെ.നാരായണ നായ്ക് ആവശ്യപ്പെട്ടു. വാക്സീനെടുക്കാത്തവർ പലരും വ്യക്തമായ കാരണങ്ങളില്ലാതെ മാറിനിൽക്കുന്നവരാണെന്നും വാക്സീൻ എടുത്തവരിൽ കോവിഡ് ബാധ വലിയ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നില്ലയെന്നത് വ്യക്തമാണെന്നും ഡിഎംഒ പറഞ്ഞു. രണ്ടാം ഡോസിനുള്ള സമയപരിധി ആയവർ ഉടൻതന്നെ വാക്സീൻ സ്വീകരിക്കണം. രണ്ടാം ഡോസ് കഴിഞ്ഞ് 39 ആഴ്ച പിന്നിട്ട 60 വയസ്സു കഴിഞ്ഞ അസുഖ ബാധിതർ, ആരോഗ്യപ്രവർത്തകർ, മുൻനിരപ്പോരാളികൾ എന്നിവർ കരുതൽ ഡോസ് സ്വീകരിക്കണം. ഇതിനായി സമീപത്തുള്ള ആരോഗ്യകേന്ദ്രവുമായി ബന്ധപ്പെടണം. മൂന്നാം തരംഗത്തിൽ പിടിച്ചുനിൽക്കാൻ വാക്സിനേഷനല്ലാതെ മറ്റു മാർഗങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു. ശാസ്ത്രീയമായ കാരണങ്ങളില്ലാതെ തെറ്റായ വിവരത്തിന്റെ പേരിൽ കുട്ടികളും വാക്സീൻ എടുക്കാതിരിക്കരുത്.
കുട്ടികൾക്കു നൽകുന്ന കോവാക്സിൻ ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്സീനാണ്. കോവിഷീൽഡ് പോലെ തന്നെ കോവാക്സിനും സുരക്ഷിതവും ഫലപ്രദവുമാണെന്നും ഡിഎംഒ പറഞ്ഞു. ജില്ലയിൽ കേന്ദ്രസർക്കാർ നൽകിയ കണക്കുപ്രകാരമുള്ള എണ്ണത്തെക്കാൾ മൂന്നു ശതമാനം കൂടുതലാണ് ആദ്യ ഡോസ് വാക്സീൻ സ്വീകരിച്ചവരുടെ എണ്ണം. എന്നാൽ ഇനിയും വാക്സീൻ എടുക്കാത്തവർ ഈ പട്ടികയ്ക്കു പുറത്തുണ്ട്.