ഗാസ സിറ്റി : ഗാസക്കെതിരെ നടത്തുന്ന ആക്രമണം ശക്തമാക്കി ഇസ്രയേൽ. ഗാസയിലെ ക്രൈസ്തവ ദേവലായത്തിന് നേരെയും ജനവാസ കേന്ദ്രങ്ങൾക്ക് നേരെയും നടന്ന ബോംബ് ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു. ഗാസയുടെ നഗരമായ അൽ-സെയ്ടൂണിലെ ഗ്രീക്ക് ഓർത്തഡോക്സ് പള്ളിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ക്രൈസ്തവ മതസ്ഥരെ കൂടാതെ നിരവധി മുസ്ലിം മത വിശ്വാസികളും പള്ളിക്കകത്ത് അഭയം പ്രാപിച്ചിരുന്നു. അതേസമയം അൽ നാബിയിലെ ജനവാസ കേന്ദ്രത്തിലും ഇസ്രയേൽ നടത്തിയ ഷെൽ ആക്രമണത്തിൽ നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇസ്രയേല്‍ ഗാസയില്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 3000 കടന്നു. പരുക്കേറ്റവരുടെ എണ്ണം 13000 കടന്നു. അതേസമയം സഖ്യരാജ്യങ്ങളെ ഉപേക്ഷിക്കാൻ ആവില്ലെന്നാണ് ഇസ്രയേലിന് ആയുധം നൽകിയതുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞത് . ഇസ്രയേലിന് കൂടുതൽ സാമ്പത്തിക സഹായം നൽകാൻ യുഎസ് കോൺഗ്രസിൻ്റെ അനുമതി തേടുമെന്നും ബൈഡൻ പറഞ്ഞു.