ഇരിട്ടി (കണ്ണൂർ) ∙ അയ്യൻകുന്ന് ഉരുപ്പുംകുറ്റി ഞെട്ടിത്തോട് മലയിൽ 47 ദിവസം മുൻപ് പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ പരുക്കേറ്റ ആന്ധ്ര സ്വദേശിയായ മാവോയിസ്റ്റ് കവിത (ലക്ഷ്മി – 40) കൊല്ലപ്പെട്ടതായി മാവോയിസ്റ്റുകൾ. വയനാട് തിരുനെല്ലി ഗുണ്ടികപ്പറമ്പ് കോളനിയിലെ കടയുടെ ചുമരിൽ പതിച്ച പോസ്റ്ററുകളിലും പുറത്തു വിട്ട കുറിപ്പിലുമാണ് ഇക്കാര്യം പറയുന്നത്.
സിപിഐ മാവോയിസ്റ്റ് പശ്ചിമഘട്ട പ്രത്യേക മേഖലാ കമ്മിറ്റി വക്താവ് ജോഗിയുടെ പേരിലാണു ലഘുലേഖ. കവിത കബനീദളം ഏരിയ സെക്രട്ടറി ആയിരുന്നെന്ന് ലഘുലേഖയിൽ പറയുന്നു. ലക്ഷ്മി, മല്ലിക, കീർത്തി എന്നീ പേരുകളും ഇവർ സംഘത്തിൽ ഉപയോഗിക്കുന്നുണ്ട്. 15 വയസ്സു മുതൽ മാവോയിസ്റ്റ് പ്രവർത്തകയാണ്.