കല്‍പ്പറ്റ: പേര്യ ചപ്പാരം ഏറ്റുമുട്ടലില്‍ പിടിയിലായ ചന്ദ്രുവിനെയും ഉണ്ണിമായയേയും ചോദ്യം ചെയ്യുന്നത് തുടരുന്നു. വിവിധ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്തിട്ടും ഒരു കുലുക്കവുമില്ലെന്നാണ് വിവരം. ഇരുവരുടെയും പൊലീസ് കസ്റ്റഡി ഇന്ന് അവസാനിക്കും. കേരള പൊലീസ്, എന്‍ഐഎ, രഹസ്യാന്വേഷണ വിഭാഗം, എടിഎസ്, തമിഴ്‌നാട് ക്യൂ ബ്രാഞ്ച്, കര്‍ണാടക പൊലീസ്, അന്വേഷണ ഏജന്‍സികള്‍ പടയായി വന്നു. മാറി, മാറി, തലങ്ങും വിലങ്ങും ചോദിച്ചിട്ടും ചന്ദ്രുവിനും ഉണ്ണിമായക്കും ഒരു കുലുക്കവുമില്ല. എത്ര ചോദിച്ചിട്ടും ഒന്നും മിണ്ടാതെ ഇരുവരും. സംഘടനയെ കുറച്ചുള്ള ചോദ്യങ്ങള്‍ക്കും ഇരുവര്‍ക്കും മൗനം. ഒരുമിച്ചിരുത്തി ചോദിച്ചാലും വെവ്വേറെ ചോദിച്ചാലും ഉത്തരമൊരു മൗനം. ചന്ദ്രുവും ഉണ്ണിമായയും പല മുതിര്‍ന്ന മാവോയിസ്റ്റ് നേതാക്കള്‍ക്കും ഒപ്പം പ്രവര്‍ത്തിച്ചവരാണ്. അതിനാല്‍, നിര്‍ണായക വിവരം കിട്ടുമോ എന്നാണ് അന്വേഷണ ഏജന്‍സികള്‍ നോക്കുന്നത്.
പൊലീസ് കസ്റ്റഡി കാലാവധി അവസാനിക്കാനിരിക്കെ ഇതുവരെ ചപ്പാരത്ത് എത്തിച്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയിട്ടില്ല. ഏറ്റുമുട്ടല്‍ നടന്ന ചപ്പാരത്തെ അനീഷിന്റെ വീടിപ്പോഴും പൊലീസ് കസ്റ്റഡിയിലാണ്. തെളിവെടുപ്പ് കഴിഞ്ഞാല്‍ മാത്രമേ വീട് ഉടമകള്‍ക്ക് വിട്ടുനല്‍കൂ. അനീഷും കുടുംബവും നിലവില്‍ ബന്ധുവിന്റെ വീട്ടിലാണ് താമസിക്കുന്നത്. അതിനിടെ, കൊയിലാണ്ടിയില്‍ വച്ച് പിടിയിലായ സന്ദേശവാഹകന്‍ തമ്പിയെ എടിഎസ് മേധാവി ചോദ്യം ചെയ്തു. ഇയാളും ചോദ്യം ചെയ്യലിനോട് പൂര്‍ണമായി സഹകരിക്കുന്നില്ല എന്നാണ് വിവരം.