മുബൈ∙ സംവരണ വിഷയത്തിലെ ആവശ്യങ്ങൾ അംഗീകരിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ നിരാഹാര സമരം അവസാനിപ്പിച്ച് മറാഠ നേതാവ് മനോജ് ജരാങ്കെ. മറാഠ സമുദായത്തിന് സംവരണം ആവശ്യപ്പെട്ട് 17 ദിവസമായി മനോജ് ജാരങ്കെ നിരാഹാര സമരത്തിലായിരുന്നു.മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് നിരാഹാരം അവസാനിപ്പിച്ചത്. മറാഠ സമുദായത്തിന് സംവരണം നൽകുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധരാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
രാധാകൃഷ്ണ വിഖേ പാട്ടീൽ, ഗിരീഷ് മഹാജൻ, ഉദയ് സാമന്ത്, കേന്ദ്ര റെയിൽവേ സഹമന്ത്രി റാവുസാഹേബ് ദൻവെ എന്നിവരുൾപ്പെടെയുള്ള മുതിർന്ന മന്ത്രിമാരോടൊപ്പമാണ് മന്ത്രി ജൽനയിലെ അന്തർവാലി സാരഥിയിൽ എത്തി നിരാഹാര സമരം പിൻവലിക്കാൻ മനോജ് ജാരങ്കെയോട് ആവശ്യപ്പെട്ടത്.സമരം ചെയ്തവർക്കെതിരായ കേസുകൾ സർക്കാർ നേരത്തെ പിൻവലിച്ചിരുന്നു. പ്രതിഷേധത്തിന് നേരെ ലാത്തിച്ചാർജ് നടത്തിയ മൂന്ന് പൊലീസുകാരെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. സംവരണ വിഷയത്തിൽ തീരുമാനമെടുക്കാൻ ഒരു മാസത്തെ സമയം വേണമെന്നാണ് സർക്കാർ ആവശ്യപ്പെടുകയും സമയം നൽകുന്നതിൽ പ്രശ്നമില്ലെന്ന് സമരക്കാർ അറിയിക്കുകയും ചെയ്തിരുന്നു.