തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും റേഷൻ വിതരണം മുടങ്ങിയതോടെ മാര്‍ച്ച് മാസത്തെ റേഷൻ വാങ്ങാനുള്ള കാലാവധി നീട്ടി. ഏപ്രില്‍ 6 വരേക്കാണ് തീയതി നീട്ടിനല്‍കിയിരിക്കുന്നത്. ഇ പോസ് മെഷീന്റെ സർവർ തകരാറിലായതോടെയാണ് ഇന്നും റേഷൻ വിതരണം തടസപ്പെട്ടത്. രാവിലെ പത്ത് മണി മുതൽ റേഷൻ കടകളിലെത്തിയ ആളുകള്‍ അരി വാങ്ങാൻ കഴിയാതെ മടങ്ങിപ്പോയി. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് റേഷൻ കടകളിൽ അരി എത്തിയത്. വ്യാഴും വെള്ളിയും അവധി ആരുന്നു. ഇന്ന് ആളുകൾ കൂട്ടത്തോടെ എത്തിയതാണ് സെർവർ തകരാറിലാകാൻ കാരണം.
സാങ്കേതിക തകരാർ പരിഹരിക്കാൻ ശ്രമം തുടങ്ങിയെന്നാണാണ് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പിന്റെ വിശദീകരണം. റേഷൻ മസ്റ്ററിങ്ങിലെ പ്രതിസന്ധിയും സെര്‍വര്‍ തകരാറും പരിഹരിക്കാൻ പുതിയ സർവർ വാങ്ങാനുള്ള തീരുമാനം നേരത്തെ വന്നതാണ്. നിലവിലുള്ള സര്‍വറിന് പുറമെ അധിക സര്‍വര്‍ സജ്ജീകരിക്കാനാണ് ഭക്ഷ്യവകുപ്പ് ഒരുങ്ങുന്നത്.