ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രി മാർഗരറ്റ് ആൽവയെ പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. എൻസിപി അധ്യക്ഷൻ ശരദ് പവാറിന്റെ വസതിയിൽ ചേർന്ന പ്രതിപക്ഷ നേതാക്കളുടെ യോഗത്തിലാണ് കോൺഗ്രസ് നേതാവ് മാർഗരറ്റ് ആൽവയെ സ്ഥാനാർഥിയായി തിരഞ്ഞെടുത്തത്. ഐകകണ്‌ഠ്യേന മാർഗരറ്റിനെ തിരഞ്ഞെടുത്തതെന്ന് ശരദ് പവാർ അറിയിച്ചു. കോൺഗ്രസ്, ശിവസേന, തൃണമൂൽ കോൺഗ്രസ്, ആർജെഡി, സിപിഎം, സിപിഐ, എസ്പി തുടങ്ങിയ പാർട്ടികളുടെ നേതാക്കൾ യോഗത്തിൽ പങ്കെടുത്തു.
5 തവണ എംപിയായിരുന്ന മാർഗരറ്റ് ഗോവ, ഗുജറാത്ത്, രാജസ്ഥാൻ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ ഗവർണർ പദവിയും വഹിച്ചിട്ടുണ്ട്. 2000ൽ രൂപം കൊണ്ട ഉത്തരാഖണ്ഡിലെ ആദ്യ വനിതാ ഗവർണറാണ്. 1984ൽ രാജീവ് ഗാന്ധി സർക്കാരിൽ പാർലമെന്റ്‌കാര്യ, വനിതാശിശുക്ഷേമ വകുപ്പുകളിൽ സഹമന്ത്രിസ്‌ഥാനം വഹിച്ചിരുന്നു.
എഐസിസി ജനറൽ സെക്രട്ടറിയായും കർണാടക പിസിസി ജനറൽ സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. രാജീവ് ഗാന്ധിയുടെയും പി.വി.നരസിംഹ റാവുവിന്റെയും സർക്കാരുകളിൽ മന്ത്രിയായിരുന്ന ആൽവ ഇടക്കാലത്ത് കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞു. തുടർന്ന് അവർക്ക് ജനറൽ സെക്രട്ടറി സ്‌ഥാനം രാജിവയ്‌ക്കേണ്ടി വന്നു. എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർഥിയായി ബംഗാൾ ഗവർണർ ജഗ്ദീപ് ധൻകറിനെ പ്രഖ്യാപിച്ചിരുന്നു. ഓഗസ്റ്റ് ആറിനാണ് തിരഞ്ഞെടുപ്പ്.