മനില ∙ ഫിലിപ്പീൻസിലെ നൊബേൽ സമ്മാന ജേതാവായ മാധ്യമപ്രവർത്തക മരിയ റെസയെയും (59) അവരുടെ ‘റാപ്ലർ’ ഓൺലൈൻ മാധ്യമസ്ഥാപനത്തെയും 4 നികുതിവെട്ടിപ്പു കേസുകളിൽ കോടതി കുറ്റവിമുക്തമാക്കി.
മുൻ പ്രസിഡന്റ് റോഡ്രിഗോ ഡുട്ടെർട്ടിന്റെ വിവാദ ലഹരിമരുന്നുവേട്ടയിലെ മനുഷ്യാവകാശലംഘനങ്ങൾ അന്വേഷിച്ചു കണ്ടെത്തിയ ‘റാപ്ലർ’, സമൂഹമാധ്യമങ്ങൾ ഉപയോഗിച്ച് അധികാരികൾ നടത്തിയ നുണപ്രചാരണങ്ങളെയും തുറന്നുകാട്ടിയിരുന്നു. തനിക്കെതിരായ കേസുകൾ രാഷ്ട്രീയപ്രേരിതമായിരുന്നുവെന്നു ചൂണ്ടിക്കാട്ടിയ റെസ, കോടതിവിധി മാധ്യമസ്വാതന്ത്ര്യത്തിന്റെയും നിയമവാഴ്ചയുടെയും വിജയമാണെന്നും പറഞ്ഞു.
2018ല്‍ ആണു റെസയ്ക്കും സ്ഥാപനത്തിനുമെതിരെ വിദേശ മൂലധനം സമാഹരിച്ചതുമായി ബന്ധപ്പെട്ടു നികുതിവെട്ടിപ്പു കേസുകൾ റജിസ്റ്റർ ചെയ്തത്. എന്നാൽ കുറ്റം സംശയാതീതമായി തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടതായി കോടതി പറഞ്ഞു. 2020ൽ മാനനഷ്ടക്കേസിൽ 6 വർഷം തടവിനു ശിക്ഷിക്കപ്പെട്ട റെസ ഇപ്പോൾ ജാമ്യത്തിലാണ്. യാത്രാവിലക്കു നേരിടുന്ന റെസയ്ക്കെതിരെ വേറെയും ക്രിമിനൽ കേസുകളുണ്ട്. റാപ്ലർ അടച്ചുപൂട്ടാൻ സർക്കാർ ഉത്തരവിട്ടതിനെതിരെയും നിയമപോരാട്ടം നടന്നുവരികയാണ്.ആഗോള മാധ്യമ കൂട്ടായ്മയായ വാൻ ഇഫ്രയുടെ ഗോൾഡൻ പെൻ ഓഫ് ഫ്രീഡം പുരസ്കാരം (2018) നേടിയ റെസ, റഷ്യൻ മാധ്യമപ്രവർത്തകൻ ദിമിത്രി മുറടോവിനൊപ്പം 2021ല്‍ ആണു സമാധാന നൊബേൽ നേടിയത്.
രണ്ടു ദശകത്തോളം മനിലയിൽ സിഎൻഎൻ റിപ്പോർട്ടായിരുന്ന റെസ, 2012ല്‍ ആണു റാപ്ലർ ആരംഭിച്ചത്. റോഡ്രിഗോ ഡുട്ടെർട്ട് സർക്കാരിലെ അഴിമതികളെ നിർഭയം പുറത്തുകൊണ്ടുവന്നു. ലഹരിസംഘങ്ങളെ അടിച്ചമർത്താനെന്ന പേരിൽ ഡുട്ടെർട്ടിന്റെ ഭരണകാലത്തു സായുധ പൊലീസ് വെടിവച്ചുകൊന്നത് മുപ്പതിനായിരത്തിലധികം ചെറുപ്പക്കാരെയാണ്. റാപ്ലറാണ് ഈ വസ്തുതകൾ പുറത്തുകൊണ്ടുവന്നത്.കഴിഞ്ഞ വർഷമാണു ഫെർഡിനൻഡ് മാർക്കോസ് ജൂനിയറിന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ ഫിലിപ്പീൻസിൽ അധികാരത്തിലേറിയത്.