മാവേലിക്കര: കൊലപാതകക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ശേഷം ഒളിവിൽ പോയി 27 വർഷത്തിനുശേഷം പിടിയിലായ തഴക്കര അറുന്നൂറ്റിമംഗലം പുത്തൻവേലിൽ ബിജു ഭവനത്തിൽ അച്ചാമ്മ (റെജി -51) ഇനി അട്ടക്കുളങ്ങര വനിത ജയിലിൽ. മാവേലിക്കര അഡീഷനൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി രണ്ടാണ് അട്ടക്കുളങ്ങര വനിത ജയിലിലേക്ക് അയച്ചത്.തിങ്കളാഴ്ച രാവിലെ ചെങ്ങന്നൂർ ഡിവൈ.എസ്.പി എം.കെ. ബിനുകുമാറിന്റെ നേതൃത്വത്തിൽ സെഷൻസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഹൈകോടതി വിധി നടപ്പാക്കാൻ ജയിലിലേക്ക് മാറ്റാൻ ഉത്തരവിടുകയായിരുന്നു.
തുടർന്ന് കോടതി നടപടികൾ പൂർത്തിയാക്കിയ ശേഷം അട്ടക്കുളങ്ങര ജയിലിലേക്ക് കൊണ്ടുപോയി. റെജിയെ കോടതിയിൽ കൊണ്ടുവന്നത് കാണാൻ മറിയാമ്മയുടെ മകൾ സൂസമ്മ കോടതിയിൽ എത്തിയിരുന്നു. എറണാകുളം പല്ലാരിമംഗലം പഞ്ചായത്തിൽ അടിവാട് എന്ന സ്ഥലത്ത് കാടുവെട്ടിവിള വീട്ടിൽ മിനി രാജു എന്ന വ്യാജപേരിൽ താമസിച്ചുവരവെയാണ് കഴിഞ്ഞ ദിവസം പൊലീസ് പിടിയിലായത്.
1990 ഫെബ്രുവരി 21ന് ആയിരുന്നു മാങ്കാംകുഴി കുഴിപ്പറമ്പിൽ തെക്കതിൽ മറിയാമ്മയെ (61) വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. 1993ൽ സംശയത്തിന്റെ ആനുകൂല്യം നൽകി മാവേലിക്കര അഡീഷനൽ ജില്ല സെഷൻസ് കോടതി റെജിയെ കേസിൽ വെറുതെ വിട്ടു. ഇതിൻമേൽ പ്രോസിക്യൂഷൻ നൽകിയ അപ്പീലിൽ 1996 സെപ്റ്റംബർ 11ന് ഹൈകോടതി ജീവപര്യന്തം ശിക്ഷിച്ചു. എന്നാൽ, വിധി വന്നു മണിക്കൂറുകൾക്കുള്ളിൽ റെജി ഒളിവിൽ പോകുകയായിരുന്നു.