പുതിയ റിക്രൂട്ട്മെന്റുകൾ നടത്തില്ലെന്നും കൂടുതൽ പേരെ പിരിച്ചുവിടുമെന്നും വ്യക്തമാക്കി മെറ്റ സിഇഒയും സ്ഥാപകനുമായ മാർക് സക്കർബർഗ്. ജീവനക്കാരുമായി നടത്തിയ യോഗത്തിൽ അദ്ദേഹം ഇത്തരത്തിൽ പ്രസംഗിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ക്രമമായി ജീവനക്കാരുടെ എണ്ണത്തിലുണ്ടാകുന്ന വളർച്ച കുറയ്ക്കുകയാണ് ഫേസ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റയുടെ ലക്ഷ്യം. പല ടീമുകളും ചെറുതാകും. അതിലൂടെ മറ്റ് മേഖലകൾക്ക് കൂടുതൽ ഊന്നൽ നൽകാനാകുമെന്നും സക്കർബർഗ് പറഞ്ഞതായാണ് വിവരം. മെറ്റയിൽ കഴിഞ്ഞ മെയ് മാസത്തിൽ തന്നെ സക്കർബർഗ് റിക്രൂട്ട്മെന്റ് നടപടികൾ മരവിപ്പിച്ചിരുന്നു.
അമേരിക്കൻ സാമ്പത്തിക രംഗത്ത് മാന്ദ്യത്തിന്റേതായ കാലാവസ്ഥ ഉണർന്നുവന്ന സാഹചര്യത്തിലാണ് ഫെയ്സ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റ ചെലവ് ചുരുക്കൽ നടപടികളിലേക്ക് കടക്കുന്നതെന്നാണ് വിവരം. വരും മാസങ്ങളിൽ ചെലവ് 10 ശതമാനം വരെ കുറയ്ക്കാനാണ് ശ്രമം.
ഈ സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിലെ അവസാന കണക്കുകൾ പ്രകാരം മാർക് സക്കർബർഗിന്റെ കമ്പനിയിൽ 83553 ജീവനക്കാർ ജോലി ചെയ്യുന്നുണ്ട്. ആഗോള തലത്തിൽ തന്നെ ഐടി കമ്പനികൾ ഇത്തരത്തിൽ ജീവനക്കാരെ പിരിച്ചുവിടാൻ തുടങ്ങിയിട്ടുണ്ട്.