തിരുവനന്തപുരം: വാര്‍ഷിക മൂല്യനിര്‍ണയത്തിന്റെ അടിസ്ഥാനത്തില്‍ പഠിതാക്കള്‍ക്ക് പഠനപിന്തുണ ഉറപ്പാക്കുന്ന സമഗ്ര പദ്ധതിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. ഇതുമായി ബന്ധപ്പെട്ട് എസ്.സി.ഇ.ആര്‍.ടിയില്‍ കൂടിയ ആലോചനായോഗം പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ സമഗ്രമായ വികാസം ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. ഓരോ ക്ലാസിലും നേടേണ്ട ശേഷികള്‍ വിദ്യാര്‍ത്ഥികള്‍ നേടുന്നുവെന്ന് ഉറപ്പ് വരുത്തുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്. പദ്ധതിയുടെ രൂപരേഖയുടെ കരട് പൊതുജനാഭിപ്രായം സ്വീകരിക്കുന്നതിനായി എസ്.സി.ഇ.ആര്‍.ടി വെബ്‍സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതിനും അതിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികള്‍ സ്വീകരിക്കുന്നതിനും യോഗം തീരുമാനിച്ചു.
എസ്.സി.ഇ.ആര്‍.ടി ഡയറക്ടര്‍ ഡോ. ജയപ്രകാശ് ആര്‍.കെ പദ്ധതിയുടെ രൂപരേഖ അവതരിപ്പിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്.ഷാനവാസ്, എസ്.എസ്.കെ സ്റ്റേറ്റ് പ്രൊജക്ട് ഡയറക്ടര്‍ ഡോ. എ.ആര്‍. സുപ്രിയ, സീമാറ്റ് ഡയറക്ടര്‍ ഡോ.വി.റ്റി സുനില്‍, സ്കോള്‍ കേരള വൈസ് ചെയര്‍മാന്‍ ഡോ. പി പ്രമോദ്, കൈറ്റ് സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത്, എസ്.ഐ.ഇ.റ്റി ഡയറക്ടര്‍ ബി. അബുരാജ്, വിദ്യാകിരണം അസിസ്റ്റന്‍റ് കോഡിനേറ്റര്‍ ഡോ. സി. രാമകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.