കൊച്ചി> വിവാഹ ചടങ്ങിന്റെ ഫോട്ടോയും വീഡിയോയും നല്‍കാതെ ദമ്പതികളെ കബളിപ്പിച്ച ഫോട്ടോഗ്രാഫി കമ്പനി 1,18,500 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി.
2017 ഏപ്രില്‍ 16നാണ് ഇവരുടെ വിവാഹം നടന്നത്. വിവാഹത്തിന്റെ തലെ ദിവസവും വിവാഹ ദിവസവും ഫോട്ടോയും അന്നത്തെ സല്‍ക്കാരവും വീഡിയോയും എടുക്കുന്നതിനായാണ്
എറണാകുളത്തെ മാട്രിമോണി ഡോട്ട് കോം എന്ന സ്ഥാപനത്തെ സമീപിച്ചത്. 58, 500 രൂപ അഡ്വാന്‍സ് ആയി നല്‍കുകയും ചെയ്തു. എന്നാല്‍ നാളുകള്‍ കഴിഞ്ഞിട്ടും ആല്‍ബവും വീഡിയോയും എതിര്‍കക്ഷികള്‍ തയ്യാറാക്കി നല്‍കിയില്ല. ഈ സാഹചര്യത്തിലാണ് ദമ്പതികള്‍ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയെ സമീപിച്ചത്.
എറണാകുളം ആലങ്കോട് സ്വദേശികളായ അരുണ്‍ ജി നായര്‍ , ഭാര്യ ശ്രുതി സതീഷ് എന്നിവര്‍ നല്‍കിയ പരാതിയിലാണ് ഉത്തരവ്.പ്രസിഡന്റ് ഡി.ബി. ബിനു മെമ്പര്‍മാരായ വി.രാമചന്ദ്രന്‍, ടി.എന്‍ ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളായുള്ള കമീഷനാണ് ഉത്തരവിട്ടത്. ഫോട്ടോഗ്രാഫി സേവനങ്ങള്‍ക്കായി പരാതിക്കാരന്‍ നല്‍കിയ 58,500/രൂപയും നഷ്ടപരിഹാരമായി 60,000 രൂപയും 30 ദിവസത്തിനകം എതിര്‍കക്ഷി പരാതികാരന് നല്‍കണമെന്നാണ് ഉത്തരവ്.