തിരുവനന്തപുരം : അരനൂറ്റാണ്ടു മുൻപുള്ള വിവാഹത്തിനു ദമ്പതികളുടെ മരണശേഷം റജിസ്ട്രേഷൻ നടത്താൻ കേരളം ഒരുങ്ങുന്നു. അവരുടെ ഏക മകന്റെ അപേക്ഷ പരിഗണിച്ചു സർക്കാരാണു പ്രത്യേക അനുവാദം നൽകുന്നത്. സൈനികൻ ആയിരുന്ന അച്ഛന്റെ കുടുംബ പെൻഷൻ മകനു ലഭിക്കാനാണു രാജ്യത്തു തന്നെ അപൂർവമായ നടപടി.പാലക്കാട് ശേഖരീപുരം സ്വദേശികളായ സി.ഭാസ്കരൻ നായരുടെയും ടി.കമലത്തിന്റെയും മാനസിക പ്രയാസങ്ങൾ നേരിടുന്ന മകൻ ടി.ഗോപകുമാറിന്റെ അപേക്ഷ പരിഗണിച്ചാണു സർക്കാരിന്റെ മനുഷ്യത്വപരമായ നടപടിയെന്നു മന്ത്രി എം.വി.ഗോവിന്ദൻ പറഞ്ഞു.
1969 ജൂൺ 4ന് പാലക്കാട് കൊടുമ്പ് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലായിരുന്നു ഭാസ്കരൻ നായരുടെയും കമലത്തിന്റെയും വിവാഹം. അക്കാലത്ത് റജിസ്ട്രേഷൻ നിർബന്ധം അല്ലാതിരുന്നതിനാൽ റജിസ്റ്റർ ചെയ്തില്ല. 1998ൽ കമലവും 2015ൽ ഭാസ്കരൻ നായരും മരിച്ചു. സൈനിക രേഖകളിൽ ഭാസ്കരൻ നായരുടെ കുടുംബവിവരങ്ങൾ ഇല്ലാത്തതിനാൽ മകനു കുടുംബ പെൻഷൻ കിട്ടിയില്ല.വിവാഹിതരിൽ ഒരാൾ മരിച്ചാലും എങ്ങനെ റജിസ്ട്രേഷൻ നടത്താമെന്ന് 2008ലെ കേരള വിവാഹങ്ങൾ റജിസ്ട്രേഷൻ ചട്ടങ്ങളിൽ പറയുന്നുണ്ട്. പക്ഷേ, രണ്ടു പേരും മരിച്ചാൽ എന്തു ചെയ്യണമെന്നു പരാമർശമില്ല. മകന്റെ സംരക്ഷണവും ഉപജീവനവും ഉറപ്പാക്കാൻ കുടുംബ പെൻഷൻ അനിവാര്യമാണെന്നു കണ്ട്, നിയമവകുപ്പിന്റെ പ്രത്യേക അഭിപ്രായം തേടിയ ശേഷമാണു മന്ത്രിയുടെ ഇടപെടൽ. ചട്ടങ്ങളിൽ ഇതിനു വ്യവസ്ഥകൾ നിലവിൽ ഇല്ലാത്തതും വിവാഹം നടന്ന കാലത്ത് റജിസ്ട്രേഷൻ നിർബന്ധമല്ല എന്ന വസ്തുതയും പരിഗണിച്ചാണ് അനുകൂല തീരുമാനം.കോവിഡ് സാഹചര്യത്തിൽ, വിദേശത്തു താമസിക്കുന്ന ദമ്പതികൾക്കു നേരിൽ ഹാജരാകാതെ തന്നെ വിവാഹം റജിസ്റ്റർ ചെയ്യാൻ പ്രത്യേക അനുമതി നൽകിയത് ഇപ്പോഴും തുടരുന്നുണ്ട്. ഇതിനു സ്ഥിരം സംവിധാനമുണ്ടാക്കാൻ ചട്ടഭേദഗതിയും താമസിയാതെ വരും.