കൊച്ചി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വിവാഹം രജിസ്റ്റർ ചെയ്യാൻ അപേക്ഷകരുടെ മതം നോക്കേണ്ടതില്ലെന്ന് ഹൈകോടതി. മാതാപിതാക്കൾ രണ്ട് മതത്തിലുൾപ്പെട്ടവരാണെന്നത് വിവാഹം രജിസ്റ്റർ ചെയ്യാതിരിക്കാനുള്ള കാരണമല്ല. നിയമപരമായ വിവാഹം കഴിഞ്ഞതാണോയെന്ന് മാത്രം പരിശോധിച്ചാൽ മതി. സാമൂഹിക പരിഷ്കർത്താക്കളായ ശ്രീനാരായണ ഗുരുവും അയ്യൻകാളിയും ജീവിച്ചിരുന്ന മണ്ണാണിത്. ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനും ആചാരങ്ങൾ പിന്തുടരാനും സ്വതന്ത്ര്യമുള്ള മതനിരപേക്ഷ രാജ്യമാണിതെന്ന് ഓർമവേണമെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ചൂണ്ടിക്കാട്ടി.
അപേക്ഷകരിൽ യുവതിയുടെ മാതാവ് മുസ്ലിമായതിന്റെ പേരിൽ ഹിന്ദു യുവാവുമായുള്ള വിവാഹം രജിസ്റ്റർ ചെയ്യാനാകില്ലെന്ന ഉദ്യോഗസ്ഥരുടെ നിലപാട് ചോദ്യംചെയ്ത് നൽകിയ ഹരജി അനുവദിച്ചാണ് കോടതിയുടെ നിരീക്ഷണം.എറണാകുളം ഉദയംപേരൂരിൽ താമസിക്കുന്ന പി.ആർ. ലാലനും ഭാര്യ ഐഷയും കൊച്ചി കോർപറേഷനിലെ മാരേജ് ഓഫിസറായ സെക്രട്ടറിക്ക് നൽകിയ അപേക്ഷയാണ് നിരസിച്ചത്. 2001 ഡിസംബർ രണ്ടിനാണ് ഹിന്ദു ആചാര പ്രകാരം വിവാഹം നടന്നത്.
യുവതിയുടെ അമ്മ മുസ്ലിം ആയതിനാൽ സ്പെഷൽ മാരേജ് ആക്ട് പ്രകാരമേ വിവാഹം രജിസറ്റർ ചെയ്യാനാകൂ എന്ന നിലപാടായിരുന്നു അധികൃതർക്ക്. ശ്രീനാരായണ ഗുരുവിനെയും അയ്യൻകാളിയെയും പിന്തുടരുന്നവരാണ് നമ്മളെന്ന് പറയുന്നതിൽ എന്ത് അർഥമാണുള്ളതെന്ന് ചോദിച്ച കോടതി ഉദ്യോഗസ്ഥരുടെ നിലപാടിൽ അത്ഭുതം പ്രകടിപ്പിച്ചു. ഹരജിക്കാരുടെ അപേക്ഷയും നിയമപ്രകാരമുള്ള ഡിക്ലറേഷനും പരിഗണിച്ച് രണ്ടാഴ്ചക്കകം വിവാഹം രജിസ്റ്റർ ചെയ്ത് നൽകാൻ കോടതി ഉത്തരവിട്ടു. ഉത്തരവിന്റെ പകർപ്പ് തദ്ദേശ സ്വയംഭരണ സെക്രട്ടറിക്ക് കൈമാറാനും ഇതിന്റെ അടിസ്ഥാനത്തിൽ സർക്കുലർ പുറപ്പെടുവിക്കാനുംകോടതി നിർദേശിച്ചു.